Representational image created using AI  
News & Views

370 പുതിയ ബസുകള്‍; ഗ്രാമീണ റോഡുകളില്‍ 'കുട്ടിയാന'! കൊച്ചി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസ്

30 എ.സി സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകളും കെ.എസ്.ആര്‍.ടി.സി വാങ്ങും

Dhanam News Desk

പുതുതായി 370 ഡീസല്‍ ബസുകള്‍ കൂടി കെ.എസ്.ആര്‍.ടി.സിക്ക് വാങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഗ്രാമീണ റൂട്ടുകളില്‍ ഓടിക്കാനായി 220 മിനി ബസുകളും ദീര്‍ഘദൂര യാത്രകള്‍ക്കായി 150 ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് വാങ്ങുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ഫണ്ട് ലഭ്യമായാല്‍ ഉടന്‍ ബസുകള്‍ നിരത്തിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ 30 ബസുകള്‍ വരെ കടമായി നല്‍കാമെന്ന് കമ്പനികള്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.

ഗ്രാമീണ റൂട്ടുകളില്‍ മിനി ബസുകള്‍

യാത്രാ ദുരിതമുള്ള ഗ്രാമീണ റൂട്ടുകളില്‍ സര്‍വീസ് നടത്താനായി രണ്ട് വാതിലുകളുള്ള മിനി ബസുകളാണ് കെ.എസ്.ആര്‍.ടി.സി വാങ്ങുന്നത്. ഇതിനായി ടാറ്റ, അശോക് ലൈലാന്‍ഡ്, ഐഷര്‍ എന്നീ മൂന്ന് കമ്പനികളുടെ വാഹനങ്ങളില്‍ പരീക്ഷണയോട്ടം പൂര്‍ത്തിയായിരുന്നു. 40-42 സീറ്റുകളുള്ള വാഹനത്തിന് ഇന്ധനക്ഷമത കൂടുതലാണെന്നതിനാല്‍ ഡീസല്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

വീണ്ടും കട്ടപ്പുറത്താകുമോ സാറേ...

2001ല്‍ സമാനരീതിയില്‍ വാങ്ങിയ മിനി ബസുകള്‍ കോര്‍പറേഷന് അധിക സാമ്പത്തിക ബാധ്യത വരുത്തിയതിനെ തുടര്‍ന്ന് എട്ട് വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചിരുന്നു. ചെറിയ ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഉപയോഗത്തിന് ചേര്‍ന്നതല്ലെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് കോര്‍പറേഷന്റെ നീക്കം. മാത്രവുമല്ല ഇലക്ട്രിക്, സി.എന്‍.ജി പോലുള്ള ബദല്‍ സാധ്യതകള്‍ ഉള്ളപ്പോള്‍ ഇത്രയധികം ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നതിനെതിരെയും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍

അടുത്തിടെ തുടങ്ങിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ഹിറ്റായതോടെ കൂടുതല്‍ റൂട്ടുകളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസിന് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. പുതിയ 150 ബസുകള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. കൂടാതെ 30 എ.സി സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകളും കെ.എസ്.ആര്‍.ടി.സി വാങ്ങും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊട്ടാരക്കരയിലേക്കും കോഴിക്കോട്ടേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒമ്പത് കോടി രൂപയാണ് ദിവസ വരുമാനമായി കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിട്ടത്. ഇത് എട്ട് കോടിയിലെത്തിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT