Image courtesy: KSRTC fb 
News & Views

കെ.എസ്.ആർ.ടി.സി ബസുകള്‍ ഇനി 'മെട്രോ സ്‌റ്റൈൽ', തത്സമയ അറിയിപ്പുകളും പാട്ടുകളും കേള്‍ക്കാം

ബസുകളുടെ എത്തിച്ചേരൽ സമയങ്ങള്‍, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് അറിയാനാകും

Dhanam News Desk

കൊച്ചി മെട്രോ ട്രെയിനുകളിലേതിന് സമാനമായ 'അലേർട്ട്' സൗകര്യങ്ങൾ ഇനി കെ.എസ്.ആര്‍.ടി.സി ബസുകളിലും. 400 ഓർഡിനറി ബസുകളിലും 100 സൂപ്പർ ഫാസ്റ്റ് ബസുകളിലും പരീക്ഷണാടിസ്ഥാനത്തിൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ സ്ഥാപിക്കാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. കൃത്യവും സമയബന്ധിതവുമായ വിവരങ്ങളിലൂടെ പൊതുജനങ്ങളുടെ യാത്രാ അനുഭവം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഓഡിയോ-വിഷ്വൽ വിവരങ്ങളോടുകൂടിയ ഇന്റഗ്രേറ്റഡ്/ഓട്ടോമേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS) ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലൈസൻസ് രണ്ട് വർഷത്തേക്ക് നൽകുന്നതിനായി കെഎസ്ആർടിസി ടെൻഡറുകൾ ക്ഷണിച്ചു. ഇത് വാർഷികാടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി ലഭിക്കും. ഓഡിയോ സിസ്റ്റത്തിൽ പ്രധാനമായും സ്പീക്കറുകളാണ് ഉളളത്. ബസുകൾക്കുള്ളിൽ ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ ഡിജിറ്റൽ ഡിസ്പ്ലേകളും സ്ഥാപിക്കുന്നതാണ്.

സർക്കാർ അധികാരികൾ പുറത്തിറക്കുന്ന വിവിധ പൊതു വിവരങ്ങളും ഈ സംവിധാനത്തിലൂടെ സംപ്രേഷണം ചെയ്യും. പരസ്യങ്ങൾക്ക് പുറമേ ബോധവൽക്കരണ സന്ദേശങ്ങൾ, പകര്‍പ്പവകാശമുളള സിനിമാ ഗാനങ്ങൾ, സിനിമാ രംഗങ്ങൾ തുടങ്ങിയവയും കരാറുകാര്‍ക്ക് പ്ലേ ചെയ്യാവുന്നതാണ്. ബസുകളുടെ എത്തിച്ചേരൽ/പുറപ്പെടൽ സമയങ്ങള്‍, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് അറിയാനാകും.

ബസുകളില്‍ ജിപിഎസ് ഉപകരണങ്ങൾ ഘടിപ്പിച്ച് ഒരു സെൻട്രൽ സെർവറുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. സെൻട്രൽ സെർവറിൽ നിന്നുള്ള ഡാറ്റ പി.ഐ.എസ് ഡിസ്പ്ലേകളിലേക്ക് ലഭ്യമാക്കുന്നത് വഴിയാണ് തത്സമയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്.

KSRTC to install real-time passenger information systems with audio alerts and songs, enhancing travel experience like Kochi Metro.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT