canva
News & Views

വ്യവസായങ്ങള്‍ക്കുള്ള സര്‍ക്കാര്‍ അനുമതി ഇനി എളുപ്പത്തില്‍, കേന്ദ്ര-സംസ്ഥാന പോര്‍ട്ടലുകള്‍ ഏകീകരിക്കും

കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ്, ദേശീയ ഏകജാലക സംവിധാനമായ എന്‍.എസ്.ഡബ്ല്യു.എസുമായി സംയോജിപ്പിക്കും

Dhanam News Desk

വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അനുമതികള്‍ ഇനി എളുപ്പം. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പോര്‍ട്ടലായ കെ-സ്വിഫ്റ്റ്, ദേശീയ ഏകജാലക സംവിധാനമായ എന്‍.എസ്.ഡബ്ല്യു.എസുമായി സംയോജിപ്പിക്കുന്നതിലൂടെയാണിത്. ഇതോടെ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും വ്യവസായ സംരംഭങ്ങളുടെ അനുമതി പ്രക്രിയയും എളുപ്പമാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഒന്നിലധികം അനുമതികള്‍ നേടുന്നതിലെ സങ്കീര്‍ണത ഒഴിവാക്കുന്നതിനും കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ തമ്മിലുള്ള അനുമതി പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ഏകോപനം സഹായിക്കും. ഏകീകൃതവും കാര്യക്ഷമവുമായ ക്ലിയറന്‍സ് പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കാം.

എന്‍എസ് ഡബ്ല്യുഎസ് അനുമതിയുടെ തുടര്‍ച്ചയായി സംസ്ഥാനത്തു നിന്നുള്ള സേവനങ്ങള്‍ക്കായി കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ (https://kswift.kerala.gov.in/index/) നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. എന്‍എസ് ഡബ്ല്യുഎസ് പ്ലാറ്റ് ഫോമില്‍ 'Know your approvals' (KYA) എന്ന വിഭാഗം ഉണ്ട്. ഇതില്‍ 32 കേന്ദ്ര വകുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം ഉള്‍പ്പെടുന്നു. ഇതിലൂടെ നിക്ഷേപകര്‍ക്ക് കേരളത്തിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അംഗീകാരങ്ങള്‍ അറിയാനും സംസ്ഥാന ക്ലിയറന്‍സുകള്‍ നേടുന്നതിന് കെ-സ്വിഫ്റ്റിലേക്ക് പോകാനും സാധിക്കും.

ഒന്നിലധികം ലോഗിനുകളില്ലാതെ എന്‍എസ് ഡബ്ല്യുഎസിന്റെയും കെ-സ്വിഫ്റ്റിന്റെയും അനുമതി ഇതിലൂടെ ലഭിക്കും. വിവിധ വകുപ്പുതല ക്ലിയറന്‍സുകള്‍ക്കായി ഏകീകൃത അപേക്ഷ സമര്‍പ്പിക്കാന്‍ സഹായിക്കുന്ന കോമണ്‍ ആപ്ലിക്കേഷന്‍ ഫോറത്തിലേക്ക് (സിഎഎഫ്) എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുന്നു. രണ്ട് പ്ലാറ്റ് ഫോമുകളിലുമുള്ള അപേക്ഷകളുടെ നില നിക്ഷേപകര്‍ക്ക് തത്സമയം ട്രാക്ക് ചെയ്യാനാകും.

എന്താണ് കെ-സ്വിഫ്റ്റ്

ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) നടപ്പാക്കിയ കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ്) വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍ നേടുന്നതിനുള്ള ഏകീകൃത സംവിധാനമാണ്. ഇന്ത്യയിലുടനീളം വ്യവസായങ്ങള്‍ക്ക് ആവശ്യമായ അപേക്ഷകള്‍ക്കും അനുമതികള്‍ക്കും നിക്ഷേപകരെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് എന്‍എസ് ഡബ്ല്യുഎസ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT