ആദായ, ജനകീയ ഹോട്ടലുകള്‍ നടത്തി വിജയം കൊയ്ത കുടുംബശ്രീ പ്രീമിയം കഫേകളും ആരംഭിക്കുന്നു. ഇതിനായി കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരിൽ നിന്ന് വിവിധ ജില്ലകളിലേക്കായി താത്പര്യപത്രം ക്ഷണിച്ചു.
50 മുതല്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന എ.സി മുറികളിലാണ് പ്രീമിയം കഫേയില്‍ ഭക്ഷണം നല്‍കുന്നത്. പാര്‍ക്കിംഗ് സൗകര്യം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും സവിശേഷതകളായിരിക്കും. മെച്ചപ്പെട്ട ശുചിമുറികള്‍, ആധുനിക ഫര്‍ണിച്ചര്‍, നാപ്കിന്‍ മെഷീനുകള്‍, നാപ്കിന്‍ നശിപ്പിക്കുന്ന യന്ത്രങ്ങള്‍ തുടങ്ങി സ്ത്രീ സൗഹൃദാന്തരീക്ഷവും മികവായിരിക്കും.
നിക്ഷേപവും സഹായവും
കുറഞ്ഞത് 40 മുതല്‍ 50 ലക്ഷം രൂപ മുതല്‍ മുടക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാം. 20 ലക്ഷം രൂപ വരെ കുടുംബശ്രീ ധനസഹായം ലഭിക്കും. വൈവിധ്യമായ ഭക്ഷണം പ്രീമിയം കഫേയില്‍ ലഭ്യമാക്കുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.
ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ജനകീയ ഹോട്ടല്‍ നവീകരിച്ച് പരീക്ഷണ അടിസ്ഥാനനത്തില്‍ ആദ്യത്തെ പ്രീമിയം കഫേ ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2023ല്‍ 5 പ്രീമിയം കഫേകള്‍ ആരംഭിക്കാനാണ് നേരത്തെ ലക്ഷ്യമിട്ടത്. ഹോട്ടല്‍ മാനേജ്‌മെന്റില്‍ പരിശീലനം ലഭിച്ച കുടംബശ്രീ അംഗങ്ങള്‍ക്കാണ് പ്രീമിയം ഹോട്ടല്‍ നടത്തിപ്പിന്റെ ചുമതല. താത്പര്യപത്രം സമർപ്പിക്കേണ്ടതിന്റെ വിശദവിവരങ്ങൾ ജില്ലാ മിഷന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine