Image courtesy: Kudumbashree  
News & Views

സംസ്ഥാന ബജറ്റില്‍ തിളങ്ങി കുടുംബശ്രീ; സ്ത്രീകള്‍ക്കായി പ്രത്യേക ഉപജീവന പദ്ധതി

കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ വിജയകരമായി 25 വര്‍ഷം പിന്നിട്ടു

Dhanam News Desk

സംസ്ഥാന ബജറ്റില്‍ തിളങ്ങി കുടുംബശ്രീ. 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കുടുംബശ്രീക്കായി 265 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 കോടി രൂപ അധികമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക ഉപജീവന പദ്ധതി

2024-25 സാമ്പത്തിക വര്‍ഷം കെ-ലിഫ്റ്റ് (kudumbashree livelihood initiative for transformation) എന്ന പേരില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ഉപജീവന പദ്ധതി സംഘടിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കുടുംബശ്രീ അംഗങ്ങളായ മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് ഒരു വര്‍ഷം കൊണ്ട് ഉപജീവന മാര്‍ഗം ഉറപ്പുവരുത്തി അവരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ തുക, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം, സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകള്‍, വിവിധ വായ്പ പദ്ധതികള്‍ ഉള്‍പ്പെടെ ഏകദേശം 430 കോടി രൂപയുടെ ഉപജീവന പരിപാടികളാണ് ഇതുവഴി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കും.

വിജയകരമായി 25 വര്‍ഷം പിന്നിട്ടു

കുടുംബശ്രീ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതിയുടെ കേന്ദ്രവിഹിതമായി 25.69 കോടി രൂപ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ വിജയകരമായി 25 വര്‍ഷം പിന്നിട്ടു. കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 2023-24 സാമ്പത്തിക വര്‍ഷം 'തിരികെ സ്‌കൂളില്‍' എന്ന കാമ്പെയിന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ 38.7 ലക്ഷം പേര്‍ പങ്കാളികളായെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT