Image Courtesy: www.kudumbashree.org, Canva 
News & Views

കുട്ടിസംരംഭകരെ കണ്ടെത്താന്‍ കുടുംബശ്രീയുടെ മൈന്‍ഡ് ബ്ലോവേഴ്സ്

50,000 കുട്ടികളെ സംരംഭകത്വത്തിലേക്ക് നയിക്കാന്‍ ഉദ്ദേശം

Dhanam News Desk

കേരളത്തിലെ വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാനുള്ള അറിവും പ്രായോഗിക പരിശീലനവും നല്‍കാനുള്ള മൈന്‍ഡ് ബ്ലോവേഴ്സ് പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിച്ചു. ഓരോ ഗ്രാമ പഞ്ചായത്തില്‍ നിന്നും 50 വീതം വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് അവസരം നല്‍കുന്നത്. ജില്ലാ മിഷന്‍, പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുഖാന്തരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഇതിന്റെ ഭാഗമായി മെയ് 30 വരെ വിവിധ സ്ഥലങ്ങളില്‍ രണ്ടു ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അതിനുശേഷം പ്രായോഗിക വിജ്ഞാനം നേടാനായി മൂന്നു ദിവസത്തെ വ്യവസായ സന്ദര്‍ശനവും, വിവര ശേഖരണത്തിനുമായി ഫീല്‍ഡ് യാത്ര നടത്തും. അവധി കാലം കഴിഞ്ഞാല്‍ ഡിസംബര്‍ വരെ അവധി ദിനങ്ങളില്‍ മെന്ററിങ് തുടരും. ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ മെന്റര്‍മാര്‍ വീതം ഉണ്ടായിരിക്കും.

തുടര്‍പരിശീലന അവസരവും

കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന് സാങ്കേതിക സഹായം നല്‍കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദ്യം ലേണിംഗ് ഫൗണ്ടേഷനാണ്. ഫൗണ്ടേഷന്റെ മൊഡ്യൂള്‍ അനുസരിച്ചാണ് കുട്ടികള്‍ക്ക് പരിശീലനവും പ്രവര്‍ത്തനങ്ങളും നടത്തുന്നത്. പരിശീലനപരിപാടിയില്‍ കുട്ടികളുടെ നൂതന സംരംഭകത്വ ആശയങ്ങള്‍ പ്രോജക്ട് രൂപത്തില്‍ തയാറാക്കി അവതരിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ സംസ്ഥാനതലത്തില്‍ വിദഗ്ധസമിതിയുടെ മുമ്പാകെ അവതരിപ്പിക്കാനും അവസരമുണ്ട്.

പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടത്തി പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് ശ്രമമെന്ന് കുടുംബശ്രീ ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ പ്രായ പൂര്‍ത്തിയാകുമ്പോള്‍ സംരഭകത്വത്തിലേക്ക് നയിക്കാനുള്ള നൂതന ആശയങ്ങള്‍ കണ്ടെത്തുകയാണ് കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ലോ വേഴ്‌സ് പരിപാടിയുടെ ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT