Kuwait opens property market to expats e.gov.kw
News & Views

യുഎഇയുടെ വഴിയില്‍ കുവൈത്തും; വിദേശികള്‍ക്കും കെട്ടിടങ്ങള്‍ സ്വന്തമാക്കാം; ചട്ടങ്ങളില്‍ ഇളവുകള്‍ ഇങ്ങനെ

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് സ്ഥലത്തിന് ഉടമസ്ഥാവകാശം; ഇത്തരം കമ്പനികളില്‍ വിദേശികള്‍ക്കും നിക്ഷേപിക്കാം

Dhanam News Desk

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎഇയുടെ പാത പിന്തുടരാന്‍ കുവൈത്ത് സര്‍ക്കാരും. വിദേശികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടത്തിന് കുവൈത്ത് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കുവൈത്ത് പൗരന്‍മാര്‍ക്ക് അല്ലാതെ രാജ്യത്ത് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കില്ലെന്ന 1979 ലെ നിയമമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. യുഎഇ വര്‍ഷങ്ങള്‍ക്ക് മുമ്പെ വിദേശികള്‍ക്ക് സ്വത്ത് ഉടമാവകാശത്തിന് അനുമതി നല്‍കിയിരുന്നു. അടുത്ത കാലത്തായി ഖത്തറും സൗദി അറേബ്യയും ഇതേ പാതയിലാണ്. രാജ്യത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രത്യേകിച്ചും, സമ്പദ്ഘടനയില്‍ പൊതുവിലും വികസനം കൊണ്ടുവരാന്‍ നിയമഭേദഗതി സഹായിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സ്വത്ത് വില്‍ക്കാന്‍ അനുമതി

അറബ് പൗരന്‍മാര്‍ക്ക് കുവൈത്തിലുള്ള സ്വത്ത് വില്‍പ്പന നടത്താന്‍ പുതിയ നിയമഭേദഗതി അനുമതി നല്‍കുന്നു. ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് പരമ്പരാഗതമായി ലഭിച്ച സ്വത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന നടത്താം. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും അനുമതിയുണ്ട്. ബിസിനസ് ആവശ്യത്തിനും ജീവനക്കാര്‍ക്കുള്ള താമസ സൗകര്യത്തിനും മാത്രമാണ് കെട്ടിടം നിര്‍മിക്കാനാകുക. വില്‍പ്പനക്കായി റിയല്‍ എസ്റ്റേറ്റ് നിര്‍മാണത്തിന് അനുമതിയില്ല.

വിദേശികള്‍ക്ക് ഓഹരികള്‍ വാങ്ങാം

കുവൈത്തില്‍ സ്വത്തവകാശമുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിന് വിദേശികള്‍ക്ക് പുതിയ ചട്ട ഭേദഗതി അനുമതി നല്‍കുന്നുണ്ട്. അതേസമയം, ഇത്തരം കമ്പനികള്‍ അടച്ചു പൂട്ടുകയാണെങ്കില്‍ കമ്പനിയുടെ ആസ്തികളില്‍ വിദേശികള്‍ക്ക് അവകാശം ലഭിക്കില്ല. പണമായി മാത്രമേ നിക്ഷേപം തിരിച്ചെടുക്കാന്‍ കഴിയൂ. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഊഹക്കച്ചവടം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുന്ന രീതിയിലുള്ള റിയല്‍ എസ്റ്റേറ്റ് ഉപയോഗമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഉത്തരവില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT