പ്രതീകാത്മക ചിത്രം Image Source: Canva/mhi.com
News & Views

ദുബായിലെ മെഗാ എയർപോർട്ടിലേക്ക് ഡ്രൈവറില്ലാ ട്രെയിൻ; ₹5,000 കോടിയുടെ കരാർ നേടി L&T; ഓഹരിയിലും മുന്നേറ്റം

ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ പദ്ധതിക്ക് എൽ&ടി-മിറ്റ്‌സുബിഷി കൺസോർഷ്യത്തിന് ₹2,500–5,000 കോടി വരെ മൂല്യമുള്ള കരാർ ലഭിച്ചു

Dhanam News Desk

2032ഓടെ ആദ്യഘട്ടം പൂർത്തിയാകുന്ന ദുബായ് അൽ മക്തൂം വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള വികസനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രതിവർഷം 26 കോടി യാത്രക്കാരെയും 1.2 കോടി ടൺ ചരക്കിനെയും കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി എൽ & ടിക്ക് ഗൾഫ് മേഖലയിൽ നിന്നും വൻ നിർമാണ കരാരുകൾ നേടാനുള്ള വഴിയൊരുക്കുമെന്നുള്ള പ്രതീക്ഷ ഉയർത്തുന്നു.

ആ​ഗോള തലത്തിൽ മുൻനിരയിലുള്ള എൻജിനീയറിം​ഗ് കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൺ ആൻഡ് ടുബ്രോ അഥവാ എൽ&ടിയുടെ (BSE: 500510, NSE: LT) ട്രാൻസ്‌പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചർ വിഭാഗവും ജപ്പാനിലെ മിറ്റ്‌സുബിഷി ഹെവി ഇൻഡസ്ട്രീസും (MHI) ചേർന്നുള്ള കൺസോർഷ്യത്തിന് ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) സംവിധാനം രൂപകൽപ്പന ചെയ്തു നിർമ്മിക്കാനുള്ള കരാർ ലഭിച്ചു. ഇന്ന് (ഓഗസ്റ്റ് 20) എൽ&ടി കമ്പനി പുറത്തുവിട്ട സ്റ്റോക്ക് എക്സ്ചേഞ്ച് വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനെ തുടർന്ന് എൽ&ടി ഓഹരികൾ ഇന്ന് (ഓ​ഗ​സ്റ്റ് 20) ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

കരാറിന്റെ മൂല്യവും പദ്ധതി വിവരങ്ങളും

വൻകിട നിർമാണ പദ്ധതികളിലൊന്നായി എൽ & ടി കമ്പനി കണക്കാക്കുന്ന ഈ പദ്ധതിയിൽ 2,500 കോടി രൂപ മുതൽ 5,000 കോടി രൂപ വരെയാണ് (ഏകദേശം 28 കോടി - 56 കോടി ഡോളർ) നിക്ഷേപ മൂല്യം പ്രതീക്ഷിക്കുന്നത്. ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷനായി, ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്ട്സ് (DAEP) വഴിയാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട വികസന പദ്ധതി നടപ്പിലാക്കുന്നത്.

വിമാനത്താവളത്തിലെ ടെർമിനലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡ്രൈവറില്ലാത്ത ട്രെയിൻ ശൃംഖലയാണ് ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ. സബ്‌‍വേ പാതകൾ, വൈദ്യുതീകരണ സംവിധാനങ്ങൾ, സിഗ്നലിംഗ്, കമ്മ്യൂണിക്കേഷൻ, പ്ലാറ്റ്‌ഫോം സ്ക്രീൻ ഡോറുകൾ എന്നിവ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള നിർമാണ പദ്ധതിയുടെ സമഗ്ര ചുമതല എൽ&ടിയും മിറ്റ്സുബിഷിയും ഒത്തുചേർന്ന കൺസോർഷ്യത്തിനായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4 അണ്ടർഗ്രൗണ്ട് സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

പദ്ധതി ചുരുക്കത്തിൽ:

  • കരാർ മൂല്യം --------► ₹2,500 - ₹5,000 കോടി

  • പങ്കാളികൾ --------► എൽ & ടി - മിറ്റ്‌സുബിഷി

  • പൂർത്തിയാകുന്ന വർഷം --------► 2032 (ആദ്യഘട്ടം)

  • വാർഷിക ശേഷി (ലക്ഷ്യം) --------► 26 കോടി ആളുകളും 1.2 കോടി ടൺ ചരക്കുകളും.

വിപണി പ്രാധാന്യവും കമ്പനിയുടെ വളർച്ചയും

പൂർണ സജ്ജമാകുന്നതോടെ പ്രതിവർഷം 26 കോടി യാത്രക്കാരെയും 1.2 കോടി ടൺ ചരക്കും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായ് അൽ മക്തൂം മാറും. ആഗോള കമ്പനികളായ അൽസ്റ്റോം, ഹിറ്റാച്ചി റെയിൽ എന്നിവയോട് മത്സരിച്ചാണ് എൽ & ടി ഈ നിർമാണ കരാർ സ്വന്തമാക്കിയത്. 2032-ഓടെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവറിന്റെ ആദ്യഘട്ടം പ്രവർത്തനസജ്ജമാകും.

മിഡിൽ ഈസ്റ്റ് മേഖലയിലെ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികളിൽ സാന്നിധ്യം ഉറപ്പിക്കാൻ അൽ മക്തൂം വിമാനത്താവള നിർമാണ കരാർ എൽ & ടിക്ക് സഹായകരമാകും. വരും മാസങ്ങളിൽ ഏകദേശം 5,500 കോടി ദിർഹം (AED 55 Billion) മൂല്യമുള്ള കൂടുതൽ വികസന കരാറുകൾ ദുബായ് ഏവിയേഷൻ പ്രഖ്യാപിക്കാൻ ഇരിക്കെ, എൽ & ടിക്ക് മറ്റ് പുതിയ പ്രോജക്ടുകൾ ലഭിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT