Airforce canva
News & Views

2,600 യുദ്ധ വിമാനങ്ങള്‍, 140 ബോംബറുകള്‍; പ്രതിരോധ സേനയില്‍ മുന്നില്‍ അമേരിക്ക തന്നെ; ഇന്ത്യ നാലാം സ്ഥാനത്ത്

ഇന്ത്യയും ജപ്പാനും ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല

Dhanam News Desk

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പറന്നു നടക്കുമ്പോള്‍, യുദ്ധവിമാനങ്ങള്‍ ഉള്‍പ്പടെ വ്യോമശക്തി കൂട്ടുകയാണ് പ്രമുഖ രാജ്യങ്ങള്‍. സ്വന്തം വ്യോമസേനകളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്ന രാജ്യങ്ങളില്‍ മുന്നില്‍ അമേരിക്ക തന്നെ. റഷ്യയും ചൈനയും തൊട്ടു പിന്നിലുണ്ട്. ഇന്ത്യ നാലാം സ്ഥാനത്താണ്. വ്യോമസേനയിലേക്ക് കൂടുതല്‍ യാത്രാ വിമാനങ്ങളും യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടുത്തി വ്യോമ ശക്തി വര്‍ധിപ്പിക്കുന്നതിനാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധ നല്‍കുന്നത്.

മുന്നില്‍ അമേരിക്ക

യുദ്ധവിമാനങ്ങള്‍ ഉള്‍പ്പടെയുളള്ള സേനാശക്തിയില്‍ അമേരിക്കയാണ് ലോകത്ത് മുന്നിലെന്ന് 'എടുഇസെഡ്ഏവിയേഷന്‍ ഡോട്ട് കോം' റിപ്പോര്‍ട്ടില്‍ പറയുന്നു. 14,486 വിമാനങ്ങളാണ് യുഎസ് എയര്‍ഫോഴ്‌സിനുള്ളത്. ഇതില്‍ 2,600 ല്‍ ഏറെ യുദ്ധവിമാനങ്ങളാണ്. 140 ബോംബര്‍ വിമാനങ്ങളും 5,509 ഹെലികോപ്റ്ററുകളും 1,020 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളുമാണ് അമേരിക്കയുടെ കൈവശമുള്ളത്. യുസ് എയര്‍ഫോഴ്‌സ്, യുഎസ് ആര്‍മി ഏവിയേഷന്‍, യുഎസ് നേവി, യുഎസ് മറൈന്‍ കോര്‍പ്‌സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് യുഎസ് പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നത്.

റഷ്യ രണ്ടാമത്

രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് ചൈനയുമാണ്. റഷ്യക്കുള്ളത് 4,211 സേനാ വിമാനങ്ങള്‍. ഇതില്‍ 1,200 എണ്ണം യുദ്ധവിമാനങ്ങളും 120 എണ്ണം ബോംബറുകളുമാണ്. 1,551 ഹെലികോപ്റ്ററുകളും 462 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും റഷ്യന്‍ സേനക്കുണ്ട്.

3,304 വിമാനങ്ങളുള്ള ചൈനയുടെ വ്യോമസേനയില്‍ 1,100 യുദ്ധവിമാനങ്ങളാണ്. 209 ബോംബറുകള്‍, 270 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, 60 ഹെലികോപ്റ്ററുകള്‍ എന്നിവയും ചൈനീസ് പ്രതിരോധ സേനയുടെ കൈവശമുണ്ട്.

ഇന്ത്യക്ക് ബോംബറുകള്‍ ഇല്ല

ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുള്ളത് 2,296 വിമാനങ്ങളാണ്. ഇതില്‍ 600 എണ്ണം യുദ്ധവിമാനങ്ങളും 498 ഹെലികോപ്റ്ററുകളുമാണ്. ഇന്ത്യക്ക് ബോംബര്‍ വിമാനങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 282 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കൈവശമുണ്ട്.

അഞ്ചാം സ്ഥാനത്തുള്ള ജപ്പാനും ബോംബര്‍ വിമാനങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൊത്തം വിമാനങ്ങളുടെ എണ്ണം 1,459. 300 പോര്‍വിമാനങ്ങളും 72 ഹെലികോപ്റ്ററുകളും 44 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളുമാണ് ജപ്പാന്റെ കൈവശമുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT