വാശി മുറ്റിയ 11 ദിവസത്തെ വടംവലിക്കൊടുവില്‍ വി.ഡി സതീശന്‍ കേരള മുഖ്യമന്ത്രി. കെ.സി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും അതിശക്തമായ സമ്മര്‍ദത്തെ അതിജീവിച്ചാണ് ജനവികാരത്തിനൊപ്പം നില്‍ക്കാന്‍ ഹൈക്കമാന്റ് ഒടുവില്‍ തീരുമാനിച്ചത്.
മെയ് നാലിന് ഫലം പുറത്തുവന്നിട്ടും, നിയമസഭ തെരഞ്ഞെടുപ്പു നടന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും, കസേരക്കു വേണ്ടിയുള്ള വടംവലി മൂലം ഭരണസ്തംഭനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായത്. പിണറായി വിജയന്‍ നയിച്ച ഭരണത്തിനെതിരായ ജനരോഷത്തിന്റെ അകമ്പടിയോടെ 140ല്‍ 102 സീറ്റ് വാരിയെടുക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നല്‍കിയ നേതൃത്വത്തിന്റെ അകമ്പടിയോടെയാണ്. എന്നാല്‍ ഫലം പുറത്തു വന്ന ശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാല്‍, മുന്‍പ്രതിപക്ഷ നേതാവു കൂടിയായ രമേശ് ചെന്നിത്തല എന്നിവര്‍ കൂടി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ഹൈക്കമാന്റ് ഡല്‍ഹിയിലും കേരളത്തിലുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേണുഗോപാലിന്റെയും ചെന്നിത്തലയുടെയും അവകാശവാദം അട്ടിമറിഞ്ഞത്. വൈകിട്ട് തിരുവനന്തപുരത്തു നടക്കുന്ന നിയമസഭ കക്ഷി യോഗം ഔപചാരികമായി പുതിയ നേതാവിനെ തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതി അടക്കമുള്ള കാര്യങ്ങള്‍ക്കും അതോടെ രൂപമാകും.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നതായി കെ.സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, സീനിയോറിട്ടി പരിഗണിക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്. എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും മന്ത്രിസഭയില്‍ ചേരില്ലെന്നും രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ കൂടുതല്‍ ശ്രമം നടന്നേക്കും.
സീനിയോറിട്ടി, അനുഭവ പരിചയം എന്നിവക്ക് മുന്‍തൂക്കം നല്‍കിയ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി നിര്‍ണയങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായ സാഹചര്യമാണ് കേരളത്തിലേത്. വി.ഡി സതീശന് വേണ്ടിയുള്ള ശക്തമായ ജനവികാരം അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇതോടെയാണ് ഹൈക്കമാന്റിന്റെ തന്നെ ഭാഗമായ കെ.സി വേണുഗോപാലിനെ നേതൃത്വം പിന്തിരിപ്പിക്കുന്ന സാഹചര്യം ഉണ്ടായത്.
Read DhanamOnline in English
Subscribe to Dhanam Magazine