Image courtesy: Canva
News & Views

ഗ്യാസ് സിലിണ്ടറുകൾ അമിതമായി സംഭരിക്കുന്നുണ്ടോ? കുടുങ്ങും! നിയമപരമായ പരിധികളും പിഴകളും ഇവയാണ്

വിതരണ പ്രതിസന്ധിയുള്ള കാലഘട്ടത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ അധികൃതര്‍ക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കാനും പരിശോധനകൾ നടത്താനും സാധിക്കും

Dhanam News Desk

രാജ്യത്ത് എൽപിജി വിതരണത്തിൽ തടസങ്ങൾ നേരിടുമ്പോൾ, പല കുടുംബങ്ങളും ഹോട്ടലുകള്‍ അടക്കമുളള ബിസിനസുകളും കൂടുതൽ സിലിണ്ടറുകൾ വാങ്ങി സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ സിലിണ്ടറുകൾ വാരിക്കൂട്ടുന്നത് നിയമവിരുദ്ധമാണെന്ന് നിയമങ്ങൾ വ്യക്തമാക്കുന്നു. ഒരു ഗാർഹിക ഉപഭോക്താവിന് ഒരേസമയം 14.2 കിലോയുടെ രണ്ട് എൽപിജി സിലിണ്ടറുകൾ മാത്രമേ നിയമപ്രകാരംകൈവശം വെക്കാൻ അനുവാദമുള്ളൂ. ഇതിൽ ഒന്ന് ഉപയോഗിക്കാനുള്ളതും മറ്റൊന്ന് ബാക്കപ്പായി സൂക്ഷിക്കാനുള്ളതുമാണ്.

ഗ്യാസ് സിലിണ്ടർ റൂൾസ് (2016), പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) എന്നിവയുടെ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് എണ്ണക്കമ്പനികൾ ഈ നിയമം പിന്തുടരുന്നത്. രണ്ട് സിലിണ്ടറുകളിൽ കൂടുതൽ സൂക്ഷിക്കുന്നത് നിയമവിരുദ്ധമായ പൂഴ്ത്തിവെപ്പായി (Hoarding) കണക്കാക്കാം.

ശിക്ഷാ നടപടികൾ

1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് (Essential Commodities Act) പ്രകാരം എൽപിജി ഒരു അത്യാവശ്യ സാധനമാണ്. ക്ഷാമം ഉള്ളപ്പോൾ ലാഭേച്ഛയോടെയോ പരിഭ്രാന്തിയിലോ സിലിണ്ടറുകൾ സംഭരിക്കുന്നത് കടുത്ത ശിക്ഷാർഹമാണ്. ഈ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം പൂഴ്ത്തിവെപ്പ് നടത്തുന്നവർക്ക് മൂന്ന് മാസം മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം. കൂടാതെ, അധികമുള്ള സിലിണ്ടറുകൾ കണ്ടുകെട്ടാനും സർക്കാരിന് അധികാരമുണ്ട്. ഗ്യാസ് ഏജൻസികളോ വിതരണക്കാരോ ഇത്തരം ക്രമക്കേടുകൾ നടത്തിയാൽ അവരുടെ ഡീലർഷിപ്പ് റദ്ദാക്കപ്പെട്ടേക്കാം.

സുരക്ഷ: എൽപിജി അതീവ തീപിടിത്ത സാധ്യതയുള്ള വസ്തുവായതിനാൽ വായുസഞ്ചാരമുള്ള ഇടങ്ങളിൽ മാത്രമേ സൂക്ഷിക്കാവൂ. വിതരണ പ്രതിസന്ധിയുള്ള കാലഘട്ടത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ അധികൃതര്‍ക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കാനും പരിശോധനകൾ നടത്താനും സാധിക്കും. എല്ലാ ഉപയോക്താക്കൾക്കും തുല്യമായി പാചകവാതകം ലഭ്യമാക്കുക എന്നതാണ് ഈ നിയമങ്ങളുടെ ലക്ഷ്യം.

Indian LPG rules allow households to keep only two 14.2 kg cylinders, and hoarding beyond this limit can lead to penalties under the Essential Commodities Act.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT