News & Views

ഇന്ത്യന്‍ കണ്ണട രംഗത്തെ മുന്‍നിരക്കാരും ഐ.പി.ഒയ്ക്ക്; ഓഹരി വില്പനയിലൂടെ സമാഹരിക്കുക ₹2,150 കോടി

ജൂലൈ 26ന് ചേര്‍ന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ഐ.പി.ഒയിലേക്ക് കടക്കുന്നതിന് അനുമതി നല്കിയിരുന്നു

Dhanam News Desk

ഇന്ത്യന്‍ ഐവെയര്‍ വിപണിയിലെ വമ്പന്മാരായ ലെന്‍സ്‌കാര്‍ട്ട് പ്രാഥമിക ഓഹരി വില്പനയ്ക്ക് (Initial Public Offering -IPO). ഐപിഒ വഴി 2,150 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2010ല്‍ ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പീയുഷ് ബന്‍സാല്‍ സ്ഥാപിച്ച ലെന്‍സ്‌കാര്‍ട്ടില്‍ സോഫ്റ്റ്ബാങ്ക്, വിഷന്‍ ഫണ്ട്, ടിപിജി തുടങ്ങിയ കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ജൂലൈ 26ന് ചേര്‍ന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ഐ.പി.ഒയിലേക്ക് കടക്കുന്നതിന് അനുമതി നല്കിയിരുന്നു. ഓഹരി വില്പനയുടെ ഭാഗമായി അടുത്ത ദിവസം തന്നെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അപേക്ഷ സമര്‍പ്പിക്കും.

ഓഹരികള്‍ തിരിച്ചു വാങ്ങാന്‍ സ്ഥാപകന്‍

ഐപിഒയ്ക്ക് മുന്നോടിയായി നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 1.5 മുതല്‍ രണ്ട് ശതമാനം വരെ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ സ്ഥാപകനായ പീയുഷ് ബന്‍സാല്‍ ലക്ഷ്യമിടുന്നതായി അടുത്തിടെ മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025 സാമ്പത്തികവര്‍ഷം 6,415 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം വരുമാന വര്‍ധന നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിപക്ഷവും ഇന്ത്യന്‍ വിപണിയില്‍ നിന്നാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ നിന്ന് 3,865 കോടി രൂപയും വിദേശ വിപണിയില്‍ നിന്ന് 2,550 കോടി രൂപയും നേടാന്‍ ലെന്‍സ്‌കാര്‍ട്ടിന് സാധിച്ചിരുന്നു.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, അക്‌സിസ് ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, അവെന്‍ഡസ് ക്യാപിറ്റല്‍ എന്നീ കമ്പനികളാണ് ഐ.പി.ഒ നടപടികള്‍ നിയന്ത്രിക്കുന്നത്.

Lenskart plans to raise ₹2,150 crore through IPO, marking a key move in the Indian eyewear market

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT