News & Views

വില്‍ക്കുക 10.18 കോടി ഓഹരികള്‍, ലക്ഷ്യം 15,000 കോടി രൂപ; വരുമാനം പക്ഷേ ദക്ഷിണ കൊറിയയിലേക്ക്; എല്‍.ജിയുടെ ഐ.പി.ഒയ്ക്ക് അനുമതി

എല്‍.ജി ഇന്ത്യ 15 ശതമാനം വരുന്ന 10.18 കോടി ഓഹരികള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്

Dhanam News Desk

ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക് വമ്പന്മാരായ എല്‍.ജിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ എല്‍.ജി ഇന്ത്യയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) അനുമതി. ഓഹരി വില്പനയുമായി ബന്ധപ്പെട്ട അപേക്ഷ കഴിഞ്ഞ ഡിസംബറില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ മറ്റൊരു ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഓഹരി വിപണി മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ഐ.പി.ഒയുമായി മുന്നോട്ടു പോകാന്‍ എല്‍.ജിയെ പ്രേരിപ്പിക്കുന്നത് അവരുടെ പ്രകടനത്തിലുള്ള ആത്മവിശ്വാസമാണ്.

വില്ക്കുക 15 ശതമാനം ഓഹരികള്‍

എല്‍.ജി ഇന്ത്യ 15 ശതമാനം വരുന്ന 10.18 കോടി ഓഹരികള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി വില്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയിലൂടെ ലഭിക്കുന്ന തുക എല്‍.ജിയുടെ ഇന്ത്യന്‍ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാകില്ല. ഈ തുക പൂര്‍ണമായും ദക്ഷിണകൊറിയയിലെ മാതൃകമ്പനിയിലേക്കായിരിക്കും പോകുന്നത്. ഇന്ത്യന്‍ ഘടകം മികച്ച പ്രകടനം നടത്തുന്നതും ആവശ്യത്തിന് മൂലധനമുള്ളതുമാണ്.

ഐ.പി.ഒ അനുബന്ധ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ കണ്‍സോഷ്യമാണ്. മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, ജെ.പി മോര്‍ഗന്‍ ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, ബൊഫ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് ഇതില്‍ അംഗങ്ങള്‍. ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) മാത്രമായിരിക്കും എല്‍.ജിയുടെയും ഐ.പി.ഒ.

എല്‍.ജി ഇന്ത്യ 2024ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം മികച്ച പ്രകടനമാണ് നടത്തിയത്. 64,087.97 കോടി രൂപയായിരുന്നു വിറ്റുവരവ്. വാഷിംഗ് മെഷീന്‍, എല്‍ഇഡി പാനല്‍സ്, എയര്‍ കണ്ടീഷണര്‍ തുടങ്ങി ഒരുപിടി ഉത്പന്നങ്ങള്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നുണ്ട്.

എന്തുകൊണ്ട് ഇന്ത്യയില്‍ ഐ.പി.ഒ

ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കാനുള്ള മൂലധനം കണ്ടെത്തുന്നതിനല്ല എല്‍.ജി ഐ.പി.ഒ നടത്തുന്നത്. ദക്ഷിണ കൊറിയയിലെ അവരുടെ മാതൃകമ്പനിക്കായിട്ടാണ്. എന്തിനാണ് അവര്‍ ഇന്ത്യയില്‍ ഓഹരി വില്പന നടത്തുന്നതെന്ന ചോദ്യത്തിന് ഉത്തരം സിംപിളാണ്. വലിയ കമ്പനിയാണെങ്കിലും ദക്ഷിണ കൊറിയയില്‍ ഈ കമ്പനികള്‍ക്ക് ഓഹരിമൂല്യം കുറവാണ്. ഇതിന് പല കാരണങ്ങളുണ്ട്.

വടക്കന്‍ കൊറിയയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍, ആ നാട്ടിലെ ഭരണപരമായ നയങ്ങള്‍ എന്നിവ കാരണം ദക്ഷിണകൊറിയന്‍ ഓഹരി വിപണിക്ക് ആഗോള നിക്ഷേപകര്‍ക്കിടയില്‍ വലിയ മതിപ്പില്ല. ഇന്ത്യ പോലെ കൂടുതല്‍ മൂല്യം നല്‍കുന്ന വിപണികളില്‍ സബ്‌സിഡിയറി കമ്പനികളുടെ ഓഹരി വിറ്റഴിച്ച് കൂടുതല്‍ വിഭവ സമാഹരണത്തിന് ശ്രമിക്കുന്നതിന് കാരണം ഇതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT