കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരക്ക് കപ്പൽ ചരിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി തീരപ്രദേശങ്ങളില്‍ അതി ജാഗ്രത പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. 13 അപകടകരമായ കണ്ടെയ്‌നറുകൾ ഉൾപ്പെടെ 640 കണ്ടെയ്‌നറുകളുമായി പോയ ലൈബീരിയൻ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി എൽസ 3 ശനിയാഴ്ചയാണ് കൊച്ചി തീരത്തുനിന്ന് 74 കിലോമീറ്റര്‍ അകലെ മുങ്ങുന്നത്.
കപ്പലിലെ കണ്ടെയ്‌നറുകളില്‍ 13 എണ്ണം കാൽസ്യം കാർബൈഡ് പോലുള്ള അപകടകരമായ ചരക്കുകളാണ്, കൂടാതെ കപ്പലില്‍ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു. പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ച് ആശങ്കയുളളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ അതി ജാഗ്രത പ്രഖ്യാപിച്ചത്.
കടലില്‍ രാസവസ്തുക്കള്‍ കലരാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങളില്‍ മത്സ്യം വാങ്ങുന്നതിന് പൊതുവെ ആശങ്കയുണ്ട്. കടൽ ജലത്തിന്റെ സാമ്പിൾ ശേഖരിച്ചതില്‍ നിന്നും നിലവില്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്ന് കേരള യൂണിവേഴ്സ്റ്റി അക്വാട്ടിക് ആന്റ് ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നു. കടൽ മത്സ്യം കഴിക്കുന്നതിന് നിലവില്‍ പ്രശ്നങ്ങളില്ല. അതേസമയം കപ്പല്‍ മുങ്ങിയ പ്രദേശത്തിന് ചുറ്റുമായി മീന്‍പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കടൽത്തീരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഏതെങ്കിലും ഒഴുകുന്ന വസ്തുക്കളെയോ എണ്ണ പാളികളെയോ സ്പർശിക്കുകയോ സമീപിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തീരദേശ ജില്ലകളെല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്. കപ്പലില്‍ നിന്ന് ചോരുന്ന ഇന്ധനം മണിക്കൂറിൽ ഏകദേശം 3 കിലോമീറ്റർ വേഗതയിൽ ഒഴുകുന്നുണ്ടെന്നും ഇത് തീരപ്രദേശത്തിന് അപകടമുണ്ടാക്കാനിടയുണ്ടെന്നുമാണ് കരുതുന്നത്.
കപ്പലില്‍ നിന്നുളള ചോർച്ച കൈകാര്യം ചെയ്യുന്നതിനായി ഐസിജിഎസ് സാക്ഷാം, സമർത്ത് തുടങ്ങിയ കപ്പലുകളും ഡോർണിയർ വിമാനവും വിന്യസിച്ചിട്ടുണ്ട്. അടിയന്തരമായ ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണമായും സജ്ജമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. മലിനീകരണം വ്യാപിക്കുന്നത് തടയുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
കടൽവെള്ളവുമായി പ്രതിപ്രവർത്തനം നടത്തി ജ്വലിക്കുന്ന അസറ്റിലീൻ വാതകം ഉത്പാദിപ്പിക്കുന്ന കാൽസ്യം കാർബൈഡിന്റെ കണ്ടെയ്നറുകള്‍ സമുദ്രജീവികൾക്കും തീരദേശ ജനതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ്. കണ്ടെയ്‌നറുകൾ കരയിലേക്ക് അടിഞ്ഞുകൂടാൻ ആരംഭിച്ചതായി പോലീസ് അറിയിച്ചു. തെക്കൻ കൊല്ലം തീരത്ത് കുറഞ്ഞത് നാല് കണ്ടെയ്‌നറുകളെങ്കിലും കണ്ടെത്തി. മലിനീകരണം ഏറ്റവും കൂടുതൽ ബാധിച്ചേക്കാവുന്നത് തൃശൂർ, കൊച്ചി, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ തീരങ്ങളെയാണ്.
തീരത്ത് എണ്ണപടലങ്ങളോ അവശിഷ്ടങ്ങളോ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പോലീസിലോ 112 എന്ന അടിയന്തര നമ്പറിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
A Liberian cargo ship sank off the Kerala coast triggering a statewide emergency due to hazardous containers and fuel leakage.
Read DhanamOnline in English
Subscribe to Dhanam Magazine