News & Views

എല്‍.ഐ.സിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അരങ്ങേറ്റം യാഥാര്‍ത്ഥ്യമാകുന്നു? മണിപ്പാല്‍ സിഗ്നയില്‍ ഓഹരിപങ്കാളിത്തത്തിന് സാധ്യത

1,750-2,000 കോടി രൂപയ്ക്ക് ഇടയ്ക്കായിരിക്കും പങ്കാളിത്തത്തിനായി എല്‍.ഐ.സി മുടക്കുകയെന്നാണ് സൂചന

Dhanam News Desk

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഓഹരി പങ്കാളിത്തം നേടിയേക്കും. മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും 50 ശതമാനം ഓഹരിപങ്കാളിത്തമാകും എല്‍.ഐ.സിക്ക് ലഭിക്കുകയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ സാധ്യതകളുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കുകയെന്ന ദീര്‍ഘകാല സ്വപ്‌നം പൂവണിയിക്കാന്‍ ഈ പങ്കാളിത്തം എല്‍.ഐ.സിയെ സഹായിക്കും.

2,000 കോടിയുടെ ഇടപാട്

ബെംഗളൂരു ആസ്ഥാനമായുള്ള മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെയും യു.എസ് ആസ്ഥാനമായ സിഗ്ന കോര്‍പറേഷന്റെയും സംയുക്ത സംരംഭമാണ് മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. മണിപ്പാല്‍ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തവും സിഗ്ന കോര്‍പറേഷന് 49 ശതമാനവുമാണ് സംരംഭത്തിലുള്ളത്. ഇത് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയല്ല.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിപ്പാല്‍ ഗ്രൂപ്പും സിഗ്നയും കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കും. 50 ശതമാനം പങ്കാളിത്തമായിരിക്കും എല്‍.ഐ.സിക്ക് നല്‍കുക. 1,750-2,000 കോടി രൂപയ്ക്ക് ഇടയ്ക്കായിരിക്കും പങ്കാളിത്തത്തിനായി എല്‍.ഐ.സി മുടക്കുകയെന്നാണ് സൂചന. 4,000 കോടി രൂപയ്ക്കടുത്താണ് മണിപ്പാല്‍ സിഗ്ന ഗ്രൂപ്പിന്റെ മൂല്യം.

എല്‍.ഐ.സിയുടെ വരവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ മല്‍സരത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് മൊത്തം ആരോഗ്യ സംരക്ഷണ ചെലവുകളുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂവെന്ന കണക്കുകള്‍ എല്‍.ഐ.സിക്ക് വലിയ അവസരങ്ങളാണ് ഈ രംഗത്ത് തുറന്നു നല്‍കുക.

നിലവില്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്, നിവാ ബുപ, കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ആദിത്യ ബിര്‍ള, നാരായണ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിങ്ങനെ ആറ് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്. ഗാലക്‌സി ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും അടുത്തിടെ റെഗുലേറ്റര്‍ അനുമതി നല്‍കിയിട്ടുണ്ട്.

എല്‍.ഐ.സിയുടെ വരവ് രാജ്യത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. നിലവില്‍, ഇന്ത്യയിലെ മൊത്തം ആരോഗ്യ ചെലവിന്റെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. ഇത് വിപണിയില്‍ എല്‍.ഐ.സിക്ക് വമ്പന്‍ സാധ്യതകളാണ് തുറന്നു കൊടുക്കുന്നത്. എല്‍.ഐ.സിയുടെ വരവ് ഈ രംഗത്ത് കൂടുതല്‍ മല്‍സരത്തിനും ഉപഭോക്താക്കള്‍ക്കുള്ള ഗുണത്തിനും കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT