News & Views

മെസിയുടെ വരവ് കേരളത്തിന് ടൂറിസം 'ലോട്ടറി', നേട്ടം കൊച്ചിയില്‍ മാത്രം ഒതുങ്ങില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അന്വേഷണ പ്രവാഹം

മെസിയുടെ കളി കാണാന്‍ ലോകത്തെവിടെയായാലും ആരാധകര്‍ പാഞ്ഞെത്തും. കൊച്ചിയില്‍ നടക്കുന്ന അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം കാണാന്‍ വിദേശികളടക്കം എത്തുമെന്നാണ് കണക്കുകൂട്ടല്‍

Dhanam News Desk

ഇതിഹാസ താരം ലയണല്‍ മെസിയുടെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെയും വരവ് ഉറപ്പിച്ചത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വാകും. ടൂറിസം, ട്രാവല്‍, ഹോട്ടല്‍ തുടങ്ങി അനുബന്ധ മേഖലകള്‍ക്കും മെസിയുടെയും സംഘത്തിന്റെയും വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കോടികള്‍ ചെലവഴിച്ച് മെസിയെ എത്തിക്കുന്നത് ദീര്‍ഘകാലയളവില്‍ കേരളത്തെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ടൂറിസം മേഖലയ്ക്ക് നേട്ടം

മെസിയും അര്‍ജന്റൈന്‍ ടീമും ലോകത്തെവിടെ ഫുട്‌ബോള്‍ കളിക്കുന്നതും ആഗോള തലത്തില്‍ വാര്‍ത്തയാണ്. അതിനു കിട്ടുന്ന വാര്‍ത്താപ്രാധാന്യം വളരെ വലുതാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കുകയും ചെയ്യും. മെസിയുടെ വരവിനൊപ്പം കൊച്ചിയെയും കേരളത്തെയും ടൂറിസം ഭൂപടത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണ് ഈ മത്സരം.

പത്തുപൈസ ചെലവില്ലാതെ കേരളത്തിന്റെ ടൂറിസത്തെക്കുറിച്ച് ലോകം മുഴുവന്‍ അറിയപ്പെടും. ലോകമെമ്പാടുമുള്ള സഞ്ചാരികളിലേക്ക് കേരളത്തിന്റെ പ്രകൃതിസൗന്ദര്യം എത്തിച്ചേരും. കോടികള്‍ മുടക്കി പരസ്യം ചെയ്താല്‍ പോലും കിട്ടാത്ത പ്രചാരമാകും ഇതുവഴി ലഭിക്കുക.

മെസിയുടെ കളികാണാന്‍ വരുന്നവരുടെ ഒഴുക്ക്

മെസിയുടെ കളി കാണാന്‍ ലോകത്തെവിടെയായാലും ആരാധകര്‍ പാഞ്ഞെത്തും. കൊച്ചിയില്‍ നടക്കുന്ന അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം കാണാന്‍ വിദേശികളടക്കം എത്തുമെന്നാണ് കണക്കുകൂട്ടല്‍. വിദേശികളായി വരുന്നവരിലേറെയും വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ട് എത്തുന്നവരാകും. സ്വഭാവികമായും അവര്‍ കേരളത്തില്‍ ഒരാഴ്ച്ചയെങ്കിലും തങ്ങും. ഇത്തരത്തില്‍ വരുന്നവര്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കുക വലിയൊരു തുകയാണ്.

നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ കേരളത്തിലെ ടൂറിസം മേഖല സജീവമാകുന്ന സമയമാണ്. 2018ലെ പ്രളയം മുതല്‍ പഴയ ട്രാക്കിലേക്ക് തിരിച്ചെത്താന്‍ വിനോദസഞ്ചാര മേഖലയ്ക്ക് സാധിച്ചിരുന്നില്ല. ഈ വര്‍ഷം വേനല്‍ക്കാലവും മഴക്കാലവും കാര്യമായ കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നത് ടൂറിസത്തിന് ഗുണം ചെയ്തിരുന്നു. ഉത്തരേന്ത്യയില്‍ ഉത്സവകാലം തുടങ്ങിയതോടെ കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.

മെസിയുടെ വരവും കൂടിയാകുന്നതോടെ കേരളം സഞ്ചാരികളുടെ ഹോട്ട് സ്‌പോട്ട് ആയി മാറുമെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ പ്രതീക്ഷ. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മെസിയുടെ വരവിന്റെ പ്രതിധ്വനിയുണ്ടാകും. അര്‍ജന്റീനയുടെ കളി ഒരൊറ്റ ദിവസം മാത്രമേയുള്ളുവെങ്കിലും ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും മറ്റും വിപണിക്ക് ഊര്‍ജ്ജമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT