Narendra modi and Rahul Gandhi canva
News & Views

രാഷ്ട്രീയ പാര്‍ട്ടികളെ ഊട്ടുന്നത് കോര്‍പ്പറേറ്റുകള്‍; ഫണ്ടിന്റെ 90% അവരുടെ വക; കൊടുത്തത് 2,262 കോടി

കൂടുതല്‍ കിട്ടുന്നത് ബിജെപിക്ക്; ഫണ്ട് ദാതാക്കളില്‍ പ്രധാന കമ്പനികള്‍

Dhanam News Desk

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് കിട്ടുന്നത് എവിടെ നിന്നാണ്? സംശയിക്കേണ്ട. സംഭാവനകളില്‍ 90 ശതമാനവും കോര്‍പ്പറേറ്റുകളില്‍ നിന്ന് തന്നെ. ബി.ജെ.പി, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സിപിഎം തുടങ്ങിയ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടുകളില്‍ ഏറിയ പങ്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേതാണ്. വ്യക്തികളില്‍ നിന്നുള്ള സംഭാവനകള്‍ നാമമാത്രം.

കൂടുതല്‍ കിട്ടുന്നത് ബിജെപിക്ക്

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (ADR) കണക്കു പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ നല്‍കിയത് 2,262.5 കോടി രൂപയാണ്. വ്യക്തികളില്‍ നിന്നും മറ്റും ലഭിച്ചത് 270.8 കോടിയും. കോര്‍പ്പറേറ്റ് ഫണ്ടില്‍ 2,064.58 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. വ്യക്തികളില്‍ നിന്നുള്ളത് 169.12 കോടിയും. കോണ്‍ഗ്രസിനുള്ള കോര്‍പ്പറേറ്റ് സംഭാവന 190.3 കോടി. വ്യക്തികളില്‍ നിന്ന് 90.8 കോടിയും.

ഇലക്ടറല്‍ ട്രസ്റ്റുകളും ബിജെപിക്കൊപ്പം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഫണ്ട് സമാഹരിക്കുന്ന ഇലക്ടറല്‍ ട്രസ്റ്റുകളും കൂടുതല്‍ പണം കൈമാറിയിട്ടുള്ളത് ബിജെപിക്കാണ്. രാജ്യത്തെ പ്രധാന ട്രസ്റ്റായ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റിന്റെ 880 കോടിയുടെ സംഭാവനകളില്‍ 723.6 കോടിയും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് 156.4 കോടി ലഭിച്ചു.

ഏറ്റവുമധികം ഫണ്ടുള്ള ട്രസ്റ്റാണ് പ്രുഡന്റ്. പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകളില്‍ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. നേരത്തെ സത്യ ഇലക്ടറല്‍ ട്രസ്റ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ ബിജെപിക്ക് മുഖ്യമായി ഫണ്ട് വരുന്നത് ഈ ട്രസ്റ്റ് വഴിയാണ്. കോണ്‍ഗ്രസിനും ലഭിക്കുന്നുണ്ടെങ്കിലും ആനുപാതികമായി കുറവാണ്. നേരത്തെ നിലവിലുണ്ടായിരുന്നു ഇലക്ടറര്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയതിന് ശേഷം ഫണ്ടുകള്‍ എത്തുന്നത് ഇലക്ടറല്‍ ട്രസ്റ്റുകളിലേക്കാണ്.

പ്രധാന ഫണ്ട് ദാതാക്കള്‍

പ്രുഡന്റ് ട്രസ്റ്റ് വഴി ഫണ്ട് നല്‍കുന്നവരില്‍ രാജ്യത്തെ പ്രധാന കമ്പനികളുണ്ട്. ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ (100 കോടി), ഡിഎല്‍എഫ് (99.5 കോടി), മാതാ പ്രൊജക്ട്‌സ് (75 കോടി), മാരുതി സുസുക്കി (60 കോടി) എന്നിവക്ക് പുറമെ ഭാരതി എയര്‍ടെല്‍, മേഘ എഞ്ചിനിയറിംഗ്, ആര്‍പിഎസ്ജി വെഞ്ച്വേഴ്‌സ്, ജിഎംആര്‍ എയര്‍ കാര്‍ഗോ ആന്റ് എയ്‌റോസ്‌പേസ് എഞ്ചിനിയറിംഗ് ലിമിറ്റഡ്, ഡല്‍ഹി ഡ്യൂട്ടി ഫ്രീ സര്‍വീസ് ലിമിറ്റഡ് എന്നിവരുമുണ്ട്.


ട്രയംഫ് ഇലക്ടറല്‍ ഫണ്ട്

കോര്‍പ്പറേറ്റ് സംഭവനകള്‍ എത്തുന്നതില്‍ രണ്ടാം സ്ഥാനം ട്രയംഫ് ഇലക്ടറല്‍ ഫണ്ടിന്. ഇവര്‍ക്ക് ലഭിച്ച 127.5 കോടി രൂപയും ബിജെപിക്കാണ് സംഭാവന ചെയ്തത്. ഡിറൈവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ആക്‌മെ സോളാര്‍, ഭാരത് ബയോടെക്, രുംഗ്ത സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ദിനേഷ് ചന്ദ്ര അഗര്‍വാള്‍ ഇന്‍ഫ്രാകോണ്‍, മാക്രോടെക് ഡെവലപ്പേഴ്‌സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സിജി പവര്‍, കോറമാന്‍ഡല്‍ ഇന്റര്‍നാഷണല്‍, ഇഐഡി പാരി ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയ കമ്പനികള്‍ ഈ ട്രസ്റ്റ് വഴി ഫണ്ട് നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT