Canva
News & Views

ഇനി വെള്ളി പണയം വച്ചും വായ്പയെടുക്കാം! നിര്‍ണായക മാറ്റം വന്നു; വിശദാംശങ്ങള്‍ ഇങ്ങനെ

വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാന്‍ അനുമതിയുള്ളത്.

Dhanam News Desk

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം പണയം വച്ച് വായ്പയെടുക്കുന്നത് സാധാരണയാണ്. ഇന്ത്യയില്‍ ഗോള്‍ഡ് ലോണ്‍ എന്നത് സാധാരണക്കാരന്റെ അവസാനത്തെ അത്താണിയാണ്. ഇതിനായി ചെറുതും വലുതുമായ നൂറുകണക്കിന് ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇപ്പോഴിതാ സ്വര്‍ണ പണയം പോലെ വെള്ളി വായ്പയും അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പില്‍ വരിക. ഇക്കാര്യത്തില്‍ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആര്‍.ബി.ഐ.

വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാന്‍ അനുമതിയുള്ളത്. പണയമായി വാങ്ങുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

എത്ര രൂപ വരെ കിട്ടും?

പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഈടായി സ്വീകരിക്കാം. വെള്ളി കോയിനുകളാണെങ്കില്‍ ഈടായി സ്വീകരിക്കാവുന്നത് പരമാവധി 500 ഗ്രാം ആണ്. രണ്ടര ലക്ഷം രൂപ വരെ വായ്പ നല്കുകയാണെങ്കില്‍ പണയംവച്ച വെള്ളിയുടെ വിപണിവിലയുടെ 85 ശതമാനം വരെ നല്കാം. അഞ്ചു ലക്ഷം രൂപ വരെയാണെങ്കില്‍ വിപണി വിലയുടെ 80 ശതമാനം വരെയാകും ഇത്.

അഞ്ചു ലക്ഷത്തിന് മുകളിലാണ് വായ്പയായി നല്കുന്നതെങ്കില്‍ 75 ശതമാനം തുകയെ നല്കാന്‍ പാടുള്ളൂ. വെള്ളിയില്‍ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകള്‍ വായ്പയ്ക്കായി പരിഗണിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

വെള്ളിയില്‍ നിക്ഷേപിച്ച ഇടിഎഫുകള്‍ക്ക് വായ്പ ലഭിക്കില്ല. പണയംവച്ച വെള്ളി വീണ്ടും വച്ച് വായ്പ എടുക്കാന്‍ സാധിക്കില്ല. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂര്‍ത്തിയാക്കണം.

RBI allows silver-backed loans from April 1, expanding lending options beyond gold in India

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT