തൊഴില്‍ നഷ്ടം സാധാരണമായ ഇക്കാലത്ത് ടെക്ക് ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരു ശുഭവാര്‍ത്ത. നിര്‍മിത ബുദ്ധി (എഐ) പ്രൊഫഷണലുകളുടെ ആവശ്യകത കുതിച്ചുയരുകയാണെങ്കിലും മികവുറ്റ പ്രൊഫഷണലുകള്‍ വേണ്ടത്ര ലഭ്യമല്ല. എഐ വിദഗ്ധരുടെ കുറവ് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന തരത്തില്‍ പ്രതിസന്ധി ഘട്ടത്തിലെത്തുമെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
നിര്‍മിത ബുദ്ധി 2027 ഓടെ ഇന്ത്യയില്‍ 2.3 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബെയ്ന്‍ ആന്‍ഡ് കമ്പനിയുടെ ഒരു പഠനപ്രകാരം രാജ്യത്ത് 1.2 ദശലക്ഷം പേര്‍ മാത്രമാണ് ഈ മേഖലയില്‍ വൈദഗ്ധ്യം ഉള്ളവര്‍ ഉണ്ടാവുകയുള്ളൂ. 2026ല്‍ പോലും ഇന്ത്യയില്‍ ഈ രംഗത്ത് 1.08 ദശലക്ഷം പ്രൊഫഷണലുകളെ മാത്രമേ ലഭ്യമാകൂ. എന്നാല്‍ അതിന്റെ ഇരട്ടി ആളുകളെ, 2.16 ദശലക്ഷം പേരെ ആവശ്യമായി വരും.
ഈ പ്രശ്‌നം ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. യുഎസില്‍ എഐ ജോലികളില്‍ പകുതിയും നികത്താതെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയില്‍ 50 ശതമാനവും ജര്‍മനിയില്‍ 70 ശതമാനവുമായിരിക്കും കുറവ്. ഗുരുതരമായ ഈ പ്രശ്‌നം മറികടക്കാന്‍ രാജ്യങ്ങള്‍ ബുദ്ധിമുട്ടുമെന്നാണ് സൂചനകള്‍. എല്ലാ വ്യവസായങ്ങളും സ്ഥാപനങ്ങളും വ്യാപകമായി എഐയെ ആശ്രയിച്ചു തുടങ്ങിയതോടെയാണ് എഐ പ്രൊഫഷണലുകളുടെ ആവശ്യകത വര്‍ധിച്ചത്. 81 ശതമാനം ഐടി പ്രൊഫഷണലുകളും കരുതുന്നത് അവര്‍ക്ക് എഐ ഉപയോഗിക്കാന്‍ കഴിയുമെന്നാണെങ്കിലും 24 ശതമാനം പേര്‍ക്ക് മാത്രമേ അതില്‍ നൈപുണ്യമുള്ളൂ എന്നാണ് 2024ല്‍ നടത്തിയ ഒരു സര്‍വേ പറയുന്നത്. അതുകൊണ്ടു തന്നെ ഭൂരിഭാഗം തൊഴിലാളികളും നൈപുണ്യ വികാസത്തിനായി പരിശീലനം നേടേണ്ടതുണ്ട്.
ബെയ്ന്‍ ആന്‍ഡ് കമ്പനിയുടെ അഭിപ്രായത്തില്‍ വളര്‍ന്നുവരുന്ന സാങ്കേതിക ഉപകരണങ്ങളിലും വൈദഗ്ധ്യങ്ങളിലും നിലവിലുള്ള തൊഴിലാളികള്‍ നൈപുണ്യം നേടുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുക എന്നതാണ് പ്രശ്‌നം മറികടക്കാനുള്ള ഒരു പോംവഴി.
ആഗോള എഐ ടാലന്റ് ഹബ്ബായി മാറാനുള്ള ശ്രമം നടത്തി വരുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ സംഭവവികാസങ്ങള്‍ വലിയ വെല്ലുവിളിയും അതേസമയം അവസരവുമാണ്. അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നിടത്താണ് നമ്മുടെ സ്വപ്‌നപദ്ധതികളുടെ വിജയം.
(Originally published in Dhanam Magazine 31 March 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine