Image courtesy: canva 
News & Views

എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു, ബുക്കിംഗുകളില്‍ ഇടിവ്

വേനല്‍ കടുക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്നാറിലും വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിലും അത്യാവശ്യം നല്ലരീതിയില്‍ സഞ്ചാരികളെത്താറുണ്ട്

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടെ പ്രതിസന്ധി ഇന്ത്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഹോട്ടലും റസ്റ്ററന്റുകളും അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഭക്ഷണലഭ്യത കുറയുന്നത് ടൂറിസം രംഗത്തിനും തിരിച്ചടിയാകുകയാണ്. പാചകവാതകത്തില്‍ പ്രതിസന്ധിയായതോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്.

മൂന്നാറില്‍ അടക്കം നേരത്തെ ബുക്ക് ചെയ്തവര്‍ യാത്ര റദ്ദാക്കുന്നതായി അറിയിച്ചതായി ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ പറയുന്നു. എല്‍പിജി ക്ഷാമം മറികടക്കാനായില്ലെങ്കില്‍ വേനല്‍ക്കാല സീസണിനെ അത് ദോഷകരമായി ബാധിക്കും. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നല്ലരീതിയില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ വരാറുണ്ട്. യുദ്ധപ്രതിസന്ധി നീണ്ടുനിന്നാല്‍ ടൂറിസത്തില്‍ അധിഷ്ടിതമായ ബിസിനസ് ചെയ്യുന്നവര്‍ പ്രതിസന്ധിയിലാകും.

പുതിയ ബുക്കിംഗുകള്‍ കുറഞ്ഞു

സാധാരണഗതിയില്‍ ഹില്‍ സ്റ്റേഷനുകളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്ന സമയമാണിത്. എന്നാല്‍ ഇത്തവണ യുദ്ധം ആരംഭിച്ച ശേഷം പുതിയ ബുക്കിംഗുകളില്‍ കുറവുണ്ടായിട്ടുണ്ട്. എല്‍പിജി പ്രതിസന്ധി വര്‍ധിച്ചതോടെ പലരും യാത്രയുടെ കാര്യത്തില്‍ തീരുമാനം നീട്ടിയെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവര്‍ പറയുന്നത്.

വേനല്‍ കടുക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്നാറിലും വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിലും അത്യാവശ്യം നല്ലരീതിയില്‍ സഞ്ചാരികളെത്താറുണ്ട്. വിദേശ സഞ്ചാരികളേക്കാള്‍ കൂടുതല്‍ ഉത്തരേന്ത്യന്‍ സഞ്ചാരികളാണ് ഈ സമയത്ത് കേരളം ആസ്വദിക്കാനെത്തുന്നത്. കടുത്ത ചൂട് അനുഭവപ്പെട്ട 2024ല്‍ മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുറവായിരുന്നെങ്കിലും മൂന്നാറിലേക്ക് ജനപ്രവാഹമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT