News & Views

എല്‍പിജി പ്രതിസന്ധിയില്‍ ഊട്ടിക്കും കൊടൈക്കനാലിനും അടിതെറ്റുന്നു; വിനോദസഞ്ചാര മേഖലയില്‍ തിളക്കം കുറവ്

വോട്ടെടുപ്പിന് ശേഷം ഇന്ധനലഭ്യത കുറയുമെന്ന അഭ്യൂഹം വലിയ തോതില്‍ നിലനില്‍ക്കുന്നുണ്ട്.

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുന്നത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി. അവധിക്കാലത്ത് മലയാളികളടക്കം ഏറെ വിനോദസഞ്ചാരികളെത്തുന്ന തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ബുക്കിംഗ് റദ്ദാക്കലുകള്‍ തുടര്‍ക്കഥയായി മാറുന്നു. ഗ്യാസ് ലഭ്യത കുറഞ്ഞതും ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും പ്രവര്‍ത്തനം നിലച്ചതും യാത്രക്കാരുടെ വരവിനെ ബാധിച്ചു.

മാര്‍ച്ച് മുതല്‍ കൊടൈക്കനാലും ഊട്ടിയിലും സീസണ്‍ സമയമാണ്. എന്നാല്‍ യുദ്ധം അപ്രതീക്ഷിതമായെത്തിയതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. മാര്‍ച്ചിന്റെ തുടക്കത്തില്‍ വലിയ പ്രശ്‌നമില്ലായിരുന്നെങ്കിലും പിന്നീട് സഞ്ചാരികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയെന്ന് ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ പറയുന്നു.

സീസണില്‍ മുറികള്‍ക്ക് വലിയ നിരക്കായിരുന്നു ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍. എന്നാല്‍, പ്രതിസന്ധി നീണ്ടുനില്‍ക്കുമെന്ന് ഉറപ്പായതോടെ നിരക്കുകള്‍ കുറച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ടൂറിസം രംഗത്തുള്ളവര്‍.

പ്രവാസി സഞ്ചാരികളില്ല

മിഡില്‍ ഈസ്റ്റില്‍ നിന്ന് അവധിക്കെത്തുന്ന പ്രവാസികളുടെ പ്രധാന ലൊക്കേഷനുകളായിരുന്നു ഈ ഹില്‍സ്‌റ്റേഷനുകള്‍. യുദ്ധം മൂലം വിമാന സര്‍വീസുകള്‍ പ്രതിസന്ധി നേരിട്ടതോടെ പ്രവാസികള്‍ കാര്യമായി നാട്ടിലേക്ക് വരുന്നില്ല. ഇതും സഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചു. തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതും ടൂറിസത്തെ ബാധിച്ചു.

ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് ശേഷം ഇന്ധനലഭ്യത കുറയുമെന്ന അഭ്യൂഹം വലിയ തോതില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് റൂം ബുക്കിംഗുകളെ ബാധിക്കുന്നുണ്ട്. മുന്‍കൂര്‍ ബുക്കിംഗുകള്‍ പലതും റദ്ദാക്കപ്പെടുന്ന സ്ഥിതിവിശേഷമാണെന്ന് കൊടൈക്കനാലില്‍ ഹോംസ്‌റ്റേ നടത്തുന്ന കെ.പി വാരെന്‍ പറഞ്ഞു.

അടുത്ത മാസമാണ് ഊട്ടിയിലെ പ്രസിദ്ധമായ ഫ്‌ളവര്‍ ഷോ. ഈ സമയമാകുമ്പോഴേക്കും യുദ്ധം അവസാനിച്ച് കാര്യങ്ങള്‍ പഴയപടിയാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകര്‍. യുദ്ധം തീര്‍ന്നാലും പ്രവാസികളുടെ വരവ് ഇത്തവണ കുറവായിരിക്കുമെന്ന ആശങ്കയും ഈ മേഖലയ്ക്കുണ്ട്.

ടൂറിസ്റ്റ് ബസുകള്‍ക്കും തിരിച്ചടി

യാത്രകള്‍ കുറഞ്ഞതോടെ ടൂറിസ്റ്റ് ബസുകളുടെ ഓട്ടം കുറഞ്ഞിട്ടുണ്ട്. കല്യാണങ്ങള്‍ വ്യാപകമായി മാറ്റിവയ്ക്കപ്പെട്ടത് ലോണെടുത്ത് വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ഭേദപ്പെട്ട രീതിയില്‍ ബുക്കിംഗ് ടൂറിസ്റ്റ് ബസുകള്‍ക്ക് ലഭിച്ചിരുന്നു. ഫാമിലികള്‍ കൂടുതലായി യാത്രകള്‍ നടത്തി തുടങ്ങിയതോടെയായിരുന്നു ഈ ട്രെന്റ് മാറ്റം. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT