പാചകവാതക സബ്‌സിഡിയില്‍ വലിയ മാറ്റത്തിനൊരുങ്ങി പൊതുമേഖല എണ്ണക്കമ്പനികള്‍. വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് എണ്ണക്കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.
ഉപയോക്താവിനോ കുടുംബത്തിനോ വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ സബ്‌സിഡി ലഭിക്കില്ലെന്നാണ് മൊബൈല്‍ സന്ദേശം. ആദായനികുതി വിവരങ്ങള്‍ പരിശോധിച്ചാണ് എണ്ണക്കമ്പനികള്‍ വിവരശേഖരണം നടത്തിയിരിക്കുന്നത്.
ഇക്കാര്യം മൊബൈല്‍ സന്ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പരാതി ഉള്ളവര്‍ ഏഴു ദിവസത്തിനുള്ളില്‍ ഇക്കാര്യം അറിയിക്കണമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
സന്ദേശം ലഭിച്ചവര്‍ക്ക് 1800-2333-555 എന്ന ടോള്‍ ഫ്രീ നനമ്പറിലൂടെയോ എണ്ണക്കമ്പനിയുടെ പരാതി പരിഹാര പോര്‍ട്ടല്‍ വഴിയോ എതിര്‍പ്പുകള്‍ ഉന്നയിക്കാം. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍, എല്‍പിജി സബ്‌സിഡി നിര്‍ത്തലാക്കും.
2015 ഡിസംബറില്‍ കൊണ്ടു വന്ന നിയമപ്രകാരം, വാര്‍ഷിക വരുമാനം 10 ലക്ഷത്തില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് പാചകവാതക സബ്‌സിഡിക്ക് അര്‍ഹതയില്ല. ഉപഭോക്താക്കള്‍ സ്വയം നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്.
ആദായനികുതി പരിധിക്ക് പുറത്തുള്ളവര്‍ക്കും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്കും ഓരോ സിലിണ്ടറിനും 24.50 രൂപയാണ് നിലവില്‍ സബ്‌സിഡിയായി നല്‍കുന്നത്. നേരത്തെ 400 രൂപയുണ്ടായിരുന്ന സബ്‌സിഡി തുക ലോക്ക്ഡൗണ്‍ കാലത്താണ് കുറച്ചത്.
പശ്ചിമേഷ്യന്‍ യുദ്ധം മൂലം ക്രൂഡ്ഓയില്‍, എല്‍പിജി ലഭ്യതയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷനായിരുന്നു. ഉയര്‍ന്ന വില കൊടുത്ത് ക്രൂഡ് ഇറക്കുമതി നടത്തുന്നത് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine