എന്‍ജിനിയറിംഗ് രംഗത്തെ മുന്‍നിരക്കാരായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ (L&T) ഇലക്‌ട്രോണിക്‌സ് നിര്‍മാണ രംഗത്ത് മുതല്‍മുടക്കാനൊരുങ്ങുന്നു. മറ്റ് ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കള്‍ക്ക് ഉപകരണഭാഗങ്ങള്‍ നിര്‍മിച്ചു നല്കുന്ന മേഖലയിലേക്കാകും കമ്പനി ഇറങ്ങുക. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി കമ്പനി ചര്‍ച്ചകള്‍ തുടങ്ങിയതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈയില്‍ 200 ഏക്കറില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇലക് ട്രോണിക്‌സ് രംഗത്തിനൊപ്പം സെമികണ്ടക്ടര്‍ മേഖലയിലും ഒരു കൈനോക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഗാ എഞ്ചിനീയറിംഗ്, നിര്‍മ്മാണ പദ്ധതികള്‍ എന്നിവയിലെ വിപുലമായ അനുഭവസമ്പത്തും പ്രതിരോധ, എയ്റോസ്പേസ് മേഖലയിലെ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന സെഗ്മെന്റിലേക്കാകും എല്‍ആന്‍ഡ്ടി ഇറങ്ങുകയെന്നാണ് സൂചന.
അതേസമയം, ടാറ്റ ഗ്രൂപ്പിനെ പോലെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേക്ക് കടക്കാന്‍ എല്‍ആന്‍ഡ്ടിക്ക് ഉദ്ദേശമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഇലക്‌ട്രോണിക്‌സ് ആപ്പിള്‍ ഐഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്കുകയും അസംബ്ലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂര്‍ ഫാക്ടറിയിലാണിത്. ഇത്തരത്തിലൊരു സംരംഭത്തിലേക്ക് കടക്കാന്‍ എല്‍ആന്‍ഡ്ടിക്ക് താല്പര്യമില്ല.
എല്‍ആന്‍ഡ്ടി രണ്ടുവര്‍ഷമായി ചിപ്പ് ഡിസൈന്‍ ബിസിനസില്‍ സജീവമാണ്. 400ലധികം എന്‍ജിനിയര്‍മാര്‍ ബെംഗളൂരു ആസ്ഥാനമായി ചിപ്പ് ഡിസൈനിംഗില്‍ സജീവമാണ്. ഓസ്റ്റിന്‍, മ്യൂണിച്ച് ടോക്കിയോ എന്നിവിടങ്ങളിലും ചിപ്പ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, എല്‍ആന്‍ഡ്ടി ഓഹരികള്‍ ഇന്ന് രാവിലെ അരശതമാനത്തോളം ഇടിവിലാണ്. അടുത്തദിവസം പാദഫലങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജൂണില്‍ അവസാനിച്ച പാദത്തില്‍ 63,679 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 3,445 കോടി രൂപയില്‍ നിന്ന് 4,318 കോടി രൂപയായി ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine