ബെംഗളൂരുവിലെ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ജെപി നഗര്‍ മൂന്നാം ഫേസില്‍ പുതിയ ലുലു ഡെയ്ലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബെംഗളൂരുവിലെ ഗ്രൂപ്പിന്റെ ഏഴാമത്തെയും ഇന്ത്യയിലെ 22മത്തെയും സ്റ്റോറാണിത്.
40,000 ചതുരശ്രയടിയില്‍ ഒരുക്കിയ സ്റ്റോറിലൂടെ നേരിട്ടും പരോക്ഷമായും 1,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ഒക്ടോബര്‍ 17ന് നടന്ന ചടങ്ങില്‍, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണര്‍ എം. മഹേശ്വര് റാവു സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകരില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന പഴങ്ങളും പച്ചക്കറികളും, മാംസം, കോഴിയിറച്ചി, മത്സ്യവിഭവങ്ങള്‍, പലചരക്ക് സാധനങ്ങള്‍, പാലുല്പന്നങ്ങള്, ബേക്കറി ഉല്പന്നങ്ങള് എന്നിവ സ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യന്‍, രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കി കുടുംബങ്ങളുടെ ദൈനംദിന ഷോപ്പിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് പുതിയ സ്റ്റോറിന്റെ ലക്ഷ്യമെന്ന് എം.എ യൂസഫലി പറഞ്ഞു.
ഉത്സവകാലത്തോടനുബന്ധിച്ച് പരമ്പരാഗതവും ആധുനികവുമായ മധുരപലഹാരങ്ങള്‍, ചൂടാക്കി വിളമ്പാവുന്ന ഭക്ഷണങ്ങള്‍, പ്രീമിയം ഭക്ഷ്യോല്പന്നങ്ങള് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 31 വരെ വിവിധ ഉല്പന്ന വിഭാഗങ്ങളില്‍ പ്രത്യേക വിലക്കിഴിവുകളും പ്രമോഷണല്‍ ഓഫറുകളും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ജെപി നഗറിലെ വിവിധ ഫേസുകള്‍ക്ക് പുറമേ ജയനഗര്‍, ബിടിഎം ലേഔട്ട്, ബന്നാര്‍ഘട്ട റോഡ്, കനകപുര റോഡ് തുടങ്ങിയ സമീപപ്രദേശങ്ങളിലുള്ള ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.
ബെംഗളൂരുവില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. നീലാദ്രിയിലെ പദ്ധതിക്ക് പുറമേ മറ്റ് നാല് ഔട്ട്ലെറ്റുകളും ഉടന്‍ തുറക്കുമെന്ന് ലുലുഗ്രൂപ്പ് അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine