വിശാഖപട്ടണം ലുലു മാളിൻ്റെ രൂപരേഖ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവർ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് കൈമാറുന്നു, ആന്ധ്ര വ്യവസായ മന്ത്രി ടി.ജി. ഭരത്, ചീഫ് സെക്രട്ടറി വിജയാനന്ദ് എന്നിവർ സമീപം.  
News & Views

ലുലു വിശാഖപട്ടണത്ത്, മാൾ നിർമാണം തുടങ്ങുന്നു; ആന്ധ്രയിലെ ഏറ്റവും വലുത്, 5,000 പേർക്ക് തൊഴിൽ

വിശാഖപട്ടണം ലുലുമാള്‍, വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയില്‍ ലോജിസ്റ്റിക്‌സ്, കയറ്റുമതി ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് കൈമാറി

Dhanam News Desk

ആന്ധ്രപ്രദേശിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമായി. വിശാഖപട്ടണത്ത് ആരംഭിച്ച സി.ഐ.ഐ. പാര്‍ട്ട്ണര്‍ സമ്മിറ്റില്‍ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നടത്തിയത്. വിശാഖപട്ടണം ലുലുമാള്‍, വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയില്‍ ലോജിസ്റ്റിക്‌സ്, കയറ്റുമതി ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് കൈമാറി. ആന്ധ്ര പ്രദേശ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദ്, വ്യവസായ മന്ത്രി ടി.ജി. ഭരത്, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

17,000 പേര്‍ക്ക് തൊഴില്‍

ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ മാളുകളിലൊന്നാകും വിശാഖപട്ടണം ലുലുമാള്‍. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം ഈ ആഴ്ച തന്നെ തുടങ്ങും. മൂന്ന് വര്‍ഷത്തിനകം മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു. 5,000 പേര്‍ക്ക് നേരിട്ടും 12,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ആന്ധ്രയിലെ കര്‍ഷകര്‍ക്ക് അടക്കം പിന്തുണ നല്‍കുന്ന വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രത്തില്‍ നിന്നുള്ള മാംഗോ പള്‍പ്പ്, ഗുവ പള്‍പ്പ്,പ്രോസസ്സഡ് സ്‌പൈസസ് എന്നിവയുടെ ആദ്യ കയറ്റുമതി 2026 ജനുവരി ഒന്നിന് ഫ്‌ലാഗ് ഓഫ് ചെയ്യും. നിലവില്‍ ആന്ധ്രയില്‍ നിന്നുള്ള പഴം-പച്ചക്കറി ഉല്‍പന്നങ്ങള്‍ ജി.സി.സി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആന്ധ്രയിലെ കര്‍ഷക സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി. കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയേകുന്നതാണ് ഈ നീക്കം. കൂടാതെ റായലസീമയില്‍ ലോജിസ്റ്റിക്‌സ്, എക്‌സ്‌പോര്‍ട്ട് സെന്ററിന്റെ നിര്‍മാണം ആറ് മാസത്തിനകം തുടങ്ങും.

2028ല്‍ പൂര്‍ത്തിയാകും

മികച്ച എക്‌സ്പീരിയന്‍സ് സെന്ററാണ് ലുലുമാളെന്നും സംസ്ഥാനത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി വഴിവെയ്ക്കുമെന്നും മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ യൂസഫലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കൊച്ചി ലുലുമാളില്‍ നേരിട്ടെത്തി ഇക്കാര്യങ്ങള്‍ താന്‍ തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി നായിഡു കൂട്ടിച്ചേര്‍ത്തു. 2028 അവസാനത്തോടെ മാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാഖപട്ടണത്തെ ലുലു മാള്‍ ഒരു 'നവരത്‌ന' മാള്‍ ആയിരിക്കുമെന്നും നായിഡു തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ലുലുവിന്റെ ഒമ്പതാമത്തെ മാളാകും വിശാഖപട്ടണത്തേത്. നവരത്‌നങ്ങളില്‍ ഏറ്റവും നവീനരത്‌നം പോലെ ജനങ്ങള്‍ക്കുള്ള മികച്ച ഇടമായിരിക്കണം വിശാഖപട്ടണം ലുലു മാളെന്ന് മുഖ്യമന്ത്രി നായിഡു യൂസഫലിയോട് പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട് മാളിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞാല്‍ നഗരത്തിന് മികച്ച നേട്ടമായിരിക്കുമെന്നും ഇതിനായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലുലു ലോജിസ്റ്റിക്‌സ്

റായല്‍സീമയില്‍ മെഗാ എക്‌സ്‌പോര്‍ട്ട് ഹബ്ബായി ലുലു ലോജിസ്റ്റിക്‌സ് സംഭരണ കയറ്റുമതി കേന്ദ്രം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസംസ്‌കരണ രംഗത്ത് ലുലുവിന്റേത് പോലുള്ള കൂടുതല്‍ പദ്ധതികള്‍ വരണമെന്നും ഇത്തരം പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി നായിഡു വ്യക്തമാക്കി. കൂടാതെ ഐടി മേഖലയിലും അടിസ്ഥാന സൗകര്യ രംഗത്തും വന്‍ നിക്ഷേപങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം വരവ്

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ടാം വരവില്‍ വമ്പന്‍ പദ്ധതികള്‍ ലുലു ആന്ധ്രയില്‍ യാഥാര്‍ഥ്യമാക്കുന്നത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കില്ലിട്ട പദ്ധതിയില്‍ നിന്ന്, 2019ല്‍ രാഷ്ട്രീയ സാഹചര്യം മൂലം ലുലു പിന്മാറിയിരുന്നു. പിന്നീട് വീണ്ടും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതോടെ ലുലുവിനെ ആന്ധ്രയിലേക്ക് എത്തിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യവികസനമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മികച്ച സൗകര്യങ്ങളാണ് ലുലുവിന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

LuLu Group has signed a new MoU with the Andhra Pradesh government to construct a 1.35 million sq ft mega mall in Visakhapatnam, signalling a major retail anchor investment in the region

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT