News & Views

മുദ്രപത്രത്തിന് മാത്രം 31 കോടി രൂപ; അഹമ്മദാബാദിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്

300 കോടി മുതല്‍ 400 കോടി രൂപ വരെ വിലയുള്ള വില്പന രേഖകള്‍ അഹമ്മദാബാദില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 500 കോടി രൂപയില്‍ കൂടുതലുള്ള ഭൂമി ഇടപാട് ഇതുവരെ നടന്നിരുന്നില്ല

Dhanam News Desk

ഗുജറാത്തില്‍ പ്രവര്‍ത്തനം വിപുലമാക്കാനൊരുങ്ങി എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അഹമ്മദാബാദില്‍ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തില്‍ പുതിയ റെക്കോഡും കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറില്‍ ഉള്‍പ്പെടുന്ന ചന്ദ്‌ഖേഡയില്‍ ലുലുവിന്റെ പുതിയ പ്രൊജക്ട് വരുന്നത്.

കോര്‍പ്പറേഷന്റെ 66,168 ചതുരശ്ര മീറ്റര്‍ (16.35 ഏക്കര്‍) ഭൂമി 519.41 കോടി രൂപയ്ക്കാണ് ലുലു വാങ്ങിയത്. ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം സര്‍ക്കാരിന് 31 കോടി രൂപയുടെ വരുമാനം ലഭിച്ചു. സബര്‍മതി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു രജിസ്‌ട്രേഷന്‍. അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഭൂമി വില്പനയാണ് ഇത്.

ലീസിന് പകരം വില്പന

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ലേലത്തിലൂടെ, ചതുരശ്ര മീറ്ററിന് 78,500 എന്ന നിരക്കിലാണ് പ്ലോട്ട് ലുലുഗ്രൂപ്പ് വാങ്ങിയത്. 99 വര്‍ഷത്തേക്ക് ലീസ് ആയി ഭൂമി അനുവദിക്കുന്നതിന് പകരം നഗരത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഭൂമി വില്‍പ്പനയ്ക്ക് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

ടൗണ്‍ പ്ലാനിംഗ് സ്‌കീമിലെ ചട്ടങ്ങള്‍ പാലിച്ചാണ് വില്പന. മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് അടക്കമുള്ള വലിയ പദ്ധതികള്‍ ലുലു ഇവിടെ യാഥാര്‍ത്ഥ്യമാക്കും. മികച്ച കണക്റ്റിവിറ്റി, ഹൈവേ സൗകര്യം, ഉയര്‍ന്ന വാണിജ്യ സാധ്യതകള്‍ എന്നിവ എസ്.പി. റിംഗ് റോഡിലെ ഭൂമി മികച്ച വാണിജ്യസാധ്യതയാണ് തുറക്കുന്നത്.

300 കോടി മുതല്‍ 400 കോടി രൂപ വരെ വിലയുള്ള വില്പന രേഖകള്‍ അഹമ്മദാബാദില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 500 കോടി രൂപയില്‍ കൂടുതലുള്ള ഭൂമി ഇടപാട് ഇതുവരെ നടന്നിരുന്നില്ല. നഗരത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് ഇതോടെ ലുലുഗ്രൂപ്പിന്റേതായി മാറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT