മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ഇന്ത്യയുടെ വാണിജ്യ സംസ്ഥാനമായ മഹാരാഷ്ട്രയിലേക്ക് എത്തുന്നു. നാഗ്പൂരില്‍ അത്യാധുനിക ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായിട്ടാണ് ലുലുവിന്റെ വരവ്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി യൂസഫലി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുതിയ പദ്ധതികളുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
മഹാരാഷ്ട്രയില്‍ വലിയ നിക്ഷേപങ്ങള്‍ക്കാണ് ലുലുഗ്രൂപ്പ് പദ്ധതിയിടുന്നത്. നാഗ്പൂരില്‍ അത്യാധുനിക ഹൈപ്പര്‍ മാര്‍ക്കറ്റിന് പിന്നാലെ സംസ്ഥാനത്ത് ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക് രംഗത്തും നിക്ഷേപത്തിന് താല്പര്യമുണ്ടെന്ന് എം.എ യൂസഫലി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടുത്തു തന്നെ മഹാരാഷ്ട്ര സന്ദര്‍ശിക്കുമെന്നും ലുലുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ലുലുവിന്റെ വരവ് സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസും പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യൂസഫലി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പദ്ധതികള്‍ക്കായി നിക്ഷേപം നടത്തിയിരുന്നു. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ലുലുഗ്രൂപ്പിന് പ്രൊജക്ടുകളുണ്ട്.
2019ല്‍ ടി.ഡി.പി സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, വിശാഖപട്ടണത്ത് ആഡംബര ഹോട്ടല്‍ എന്നിവ സ്ഥാപിക്കാനുള്ള 2,200 കോടിയുടെ പദ്ധതികള്‍ ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ ജഗ്മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ സര്‍ക്കാര്‍ വിശാഖപട്ടണത്ത് ടി.ഡി.പി സര്‍ക്കാര്‍ അനുവദിച്ച 13.8 ഏക്കര്‍ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിയിരുന്നു.
ഈ പദ്ധതികളില്‍ നിന്ന് പിന്മാറിയ ലുലുഗ്രൂപ്പ് ഇനി ആന്ധ്രയില്‍ നിക്ഷേപത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെ ലുലുഗ്രൂപ്പ് വീണ്ടും ആന്ധ്രയിലേക്ക് തിരികെയെത്തുമെന്ന് യൂസഫലി പ്രഖ്യാപിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine