Image Courtesy: chennaimetrorail.org, lulugroupinternational.com 
News & Views

ലുലു ഹൈപ്പർ മാർക്കറ്റ് മെട്രോ റെയിൽ സ്റ്റേഷനുകളിൽ; ആദ്യ ഘട്ടത്തിൽ ചെന്നൈയിൽ മൂന്നിടത്ത്

കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ ലുലുവിന്റെ വരവ് കാരണമാകുമെന്ന പ്രതീക്ഷയിലാണ് മെട്രോ അധികൃതര്‍

Dhanam News Desk

എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മെട്രോ റെയില്‍ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ചെന്നൈ മെട്രൊ റെയില്‍ സ്റ്റേഷനുകളിലാകും തുടക്കം കുറിക്കുക. ഷെണോയ് നഗര്‍, ചെന്നൈ സെന്‍ട്രല്‍, വിംകോ നഗര്‍ എന്നിവിടങ്ങളിലാകും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വരുന്നത്.

ചെന്നൈ മെട്രോയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിനായി സ്ഥലം നോക്കിയിട്ടുണ്ടെന്നും കരാര്‍ ഒപ്പിടുന്ന കാര്യങ്ങളിലേക്ക് കമ്പനി ഇതുവരെ കടന്നിട്ടില്ലെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ധനംഓണ്‍ലൈനോട് വ്യക്തമാക്കി.

ലുലുവിനു മാത്രമല്ല മെട്രോയ്ക്കും ഗുണം ചെയ്യും

മെട്രോ റെയില്‍ സ്‌റ്റേഷനുകളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ലുലു എത്തുന്നത് ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും. കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ ലുലുവിന്റെ വരവ് കാരണമാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ മെട്രോ. വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം കൂടി യാത്രക്കാര്‍ക്ക് നല്‍കുന്നത് മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ പ്രതിഫലിക്കുമെന്നാണ് മെട്രോ അധികൃതരുടെ പ്രതീക്ഷ.

യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ചെന്നൈ മെട്രോ സ്‌റ്റേഷനുകളില്‍ ഫുഡ് കോര്‍ട്ടുകളും കുട്ടികളുടെ പാര്‍ക്കുകളും കൊണ്ടുവന്നിരുന്നു. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

2015ല്‍ സര്‍വീസ് ആരംഭിച്ച ചെന്നൈ മെട്രോയില്‍ ദിവസവും രണ്ട് ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്യുന്നുണ്ട്. ആകെ 40 സ്റ്റേഷനുകളാണ് ചെന്നൈ മെട്രോയ്ക്കുള്ളത്. ഇതില്‍ 21 എണ്ണം അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT