News & Views

കടക്കെണിയില്‍ 'പാപ്പരായ' മാള്‍ വിലയ്ക്കുവാങ്ങി യൂസഫലി, ലുലുഗ്രൂപ്പിന്റെ സ്ട്രാറ്റജി മാറ്റത്തിന് പിന്നിലെന്ത്?

ഏറ്റവും കൂടുതല്‍ തുക ലേലത്തില്‍ മുന്നോട്ടു വച്ചത് ലുലുഗ്രൂപ്പായിരുന്നു. 317.30 കോടി രൂപയായിരുന്നു പഴയ പ്രമോട്ടര്‍മാര്‍ തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത്

Dhanam News Desk

രാജ്യത്തുടനീളം ഷോപ്പിംഗ് മാളുകള്‍ക്ക് പുതിയൊരു ആഖ്യാനം നല്കിയാണ് ലുലുഗ്രൂപ്പിന്റെ (Lulu Group) വരവ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ലുലുമാളുകള്‍ക്കായി. തുടക്കത്തില്‍ ദക്ഷിണേന്ത്യന്‍ വിപണിയിലായിരുന്നു ലുലുവിന്റെ ശ്രദ്ധ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ ഓഫറുകളുമായി ക്ഷണിക്കുകയും ചെയ്തതോടെ എം.എ യൂസഫലി (M.A yusuff ali) പാന്‍ ഇന്ത്യ തലത്തില്‍ ലുലുവിനെ വളര്‍ത്തി. ഇപ്പോള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം ലുലുഗ്രൂപ്പിന്റെ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.

സ്വന്തമായി സ്ഥലം വാങ്ങിയോ പാട്ടത്തിനെടുത്തോ മാളുകള്‍ തുടങ്ങുകയെന്ന രീതി മാറ്റി ഹൈദരാബാദില്‍ ഒരു മാളിനെ ഏറ്റെടുത്തിരിക്കുകയാണ് ലുലുഗ്രൂപ്പ്. കടം പെരുകി പാപ്പരായി മാറിയ മഞ്ജീര മാളിനെ (Manjeera Mall) ആണ് ലുലുഗ്രൂപ്പ് സ്വന്തമാക്കുന്നത്. മാളിന്റെ ഉടമസ്ഥരായ മഞ്ജീര റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് പാപ്പരായതോടെയാണ് ലുലുഗ്രൂപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.

ഏറ്റെടുക്കല്‍ 318 കോടിക്ക്

ഹൈദരാബാദിലെ മഞ്ജീര മാളില്‍ ലുലുഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ തുടങ്ങുന്നത് 2023 സെപ്റ്റംബറിലാണ്. ബി.ജെ.പി നേതാവായിരുന്ന വ്യവസായി ജി. യോഗാനന്ദ് ആയിരുന്നു ഈ മാളിന്റെ പ്രമോട്ടര്‍. എന്നാല്‍ മാള്‍ നിര്‍മാണത്തിനായി എടുത്തിരുന്ന വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതോടെ വായ്പദായകര്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ചു.

പാപ്പരത്ത നടപടികള്‍ പിന്നാലെ ആരംഭിക്കുകയും ചെയ്തു. ലേലത്തില്‍ വച്ച മഞ്ജീര മാളിനെ ഏറ്റെടുക്കാന്‍ 49 കമ്പനികളാണ് എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലേലത്തില്‍ മുന്നോട്ടു വച്ചത് ലുലുഗ്രൂപ്പായിരുന്നു. 317.30 കോടി രൂപയായിരുന്നു പഴയ പ്രമോട്ടര്‍മാര്‍ തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത്. ലുലുഗ്രൂപ്പ് ഓഫര്‍ ചെയ്തത് 318.42 കോടി രൂപയും.

എന്താണ് നേട്ടം?

പുതിയൊരു മാള്‍ പണിത് പ്രവര്‍ത്തനസജ്ജമാക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. സമയവും സാമ്പത്തികവും വച്ചു നോക്കുമ്പോള്‍ നഷ്ടത്തിലായ മാളുകളെ ഏറ്റെടുക്കുന്നത് ലാഭകരമാണ്. ഭാവിയില്‍ കൂടുതല്‍ മാളുകള്‍ ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ ലുലുഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

മൂന്നു വര്‍ഷത്തിനിടെ 10,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലുലുഗ്രൂപ്പ് മുന്നോട്ടു പോകുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഇടത്തരം നഗരങ്ങളിലേക്ക് മിനി മാളുകള്‍ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്.

രാജ്യത്ത് മാളുകളിലും ഹോട്ടല്‍ പ്രൊജക്ടുകളിലും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളിലുമായി ഇതുവരെ 20,000 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയതായി അടുത്തിടെ എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. മൊത്തം തൊഴിലവസരങ്ങള്‍ 50,000ത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് യൂസഫലി പറയുന്നത്.

Lulu Group's acquisition of the debt-ridden Manjeera Mall reflects a strategic shift toward pan-India expansion through distressed asset takeovers

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT