x.com/cmrlofficial
News & Views

മെട്രോ സ്‌റ്റേഷനുകളിലെ 'മിനി' മാള്‍ പരീക്ഷണത്തിന് യൂസഫലി, ക്ലിക്കായാല്‍ വഴിത്തിരിവ്!

ഫുഡ് കോര്‍ട്ട്, മിനി തീയറ്റര്‍, അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ എന്നിവയെല്ലാം മെട്രോ മാളിലുണ്ടാകും

Dhanam News Desk

സ്വന്തം രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുകയെന്ന ലക്ഷ്യത്തിലാണ് മലയാളി വ്യവസായി എം.എ യൂസഫലി. ഗുജറാത്തിലും യു.പിയിലും ആന്ധ്രപ്രദേശിലുമെല്ലാം പുതിയ പദ്ധതികള്‍ ലുലുഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യ സംസ്‌കരണ രംഗത്തും മാളുകളിലുമാണ് ലുലുഗ്രൂപ്പിന്റെ നിക്ഷേപങ്ങളിലേറെയും.

ഇപ്പോഴിതാ മാളുകളുടെ കാര്യത്തില്‍ വ്യത്യസ്ത പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലുലുഗ്രൂപ്പ്. മെട്രോ സ്‌റ്റേഷനുകളില്‍ ലുലുവിന്റെ മിനി മാളുകള്‍ വരുന്ന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ചെന്നൈ മെട്രോ സ്‌റ്റേഷനുകളിലാണ് പ്രൊജക്ട് വരുന്നത്. മെയ് മാസത്തോടെ ഉദ്ഘാടനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷന്‍, ഷെനോയ് നഗര്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ മാളുകള്‍ വരുന്നത്. യഥാക്രമം ഒരു ലക്ഷം, 60,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഈ പ്രൊജക്ടുകള്‍.

ചെന്നൈ മെട്രോയ്ക്ക് അധികവരുമാനം

ഫുഡ് കോര്‍ട്ട്, മിനി തീയറ്റര്‍, അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ എന്നിവയെല്ലാം മെട്രോ മാളിലുണ്ടാകും. നഗരഹൃദയത്തില്‍ തന്നെ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യവും സന്ദര്‍ശകര്‍ വരുന്നതുമായ സ്ഥലത്ത് മിനി മാളുകള്‍ ഒരുക്കുന്നതിലൂടെ നേട്ടം കൊയ്യാമെന്ന് ലുലുഗ്രൂപ്പ് കരുതുന്നു.

ചെന്നൈ മെട്രോയെ സംബന്ധിച്ചും ടിക്കറ്റ് ഇതര വരുമാനം വലിയ തോതില്‍ ഉയര്‍ത്താന്‍ ലുലുവിന്റെ വരവ് സഹായകമാകും. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് മെട്രോ അധികൃതരുടെ വിലയിരുത്തല്‍. മെട്രോയുടെ കൈവശമുള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ചെന്നൈ മെട്രോ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (സി.എം.എ.എം.എല്‍) എന്നൊരു കമ്പനിക്കും ചെന്നൈ മെട്രോ രൂപംകൊടുത്തിട്ടുണ്ട്.

കൊച്ചിയിലേക്ക് വരുമോ?

നിലവില്‍ കൊച്ചിയില്‍ ലുലുവിന് വലിയൊരു മാളുണ്ട്. കൊച്ചി മെട്രോയുമായി കണക്ട് ചെയ്താണ് ഈ മാള്‍ പ്രവര്‍ത്തിക്കുന്നത്. ചെന്നൈയില്‍ വരുന്നതു പോലെ മിനി മാളുകള്‍ കൊച്ചിയിലും വരുമോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇതുപോലുള്ള പ്രോജക്ടുകള്‍ വരുന്നത് കൊച്ചി മെട്രോയുടെ ടിക്കറ്റിതര വരുമാനത്തിന് വലിയ ഉണര്‍വേകും.

നിലവില്‍ കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സ്ഥലം വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തുന്നവര്‍ക്ക് വലിയതോതിലുള്ള നേട്ടം ഇതുവഴി ഉണ്ടാകുന്നില്ല. ലുലുഗ്രൂപ്പ് പോലുള്ള വന്‍കിട കമ്പനികള്‍ വന്നാല്‍ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും വര്‍ധിപ്പിക്കാന്‍ ഇതു വഴിയൊരുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT