Canva
News & Views

ലക്ഷ്വറി കാറുകള്‍ വാങ്ങാന്‍ വരിനിന്ന് ന്യൂ ജനറേഷന്‍! ലംബോര്‍ഗിനി 2027 വരെ ഇന്ത്യയില്‍ സോള്‍ഡ് ഔട്ട്

2018ന് ശേഷം ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു

Dhanam News Desk

രാജ്യത്ത് അമ്പത് ലക്ഷത്തിലേറെ രൂപ വിലവരുന്ന ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കുന്നവരില്‍ നാല്‍പ്പത് വയസില്‍ താഴെയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രമുഖ കാര്‍ ബ്രാന്‍ഡുകളുടെ ലക്ഷ്വറി മോഡലുകളുടെ വില്‍പ്പന വര്‍ധിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണിത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ലക്ഷ്വറി ശ്രേണിയിലെ മേയ്ബാക്ക് മോഡലുകള്‍ സ്വന്തമാക്കുന്നവരുടെ ശരാശരി പ്രായം 38 ആണെന്ന് കമ്പനി പറയുന്നു. ആഗോള ലക്ഷ്വറി കാര്‍ വിപണിയിലെ ടോപ് ഫൈവിലാണ് ബെന്‍സ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കാറുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ ശരാശരി പ്രായം നാല്‍പ്പതിലും താഴെയാണെന്ന് കമ്പനി സി.ഇ.ഒ സ്റ്റീഫന്‍ വിങ്കിള്‍മാനും പറയുന്നു. ഔഡി കാറുകള്‍ വാങ്ങുന്നവരില്‍ അഞ്ചില്‍ രണ്ട് പേരും 40 വയസില്‍ താഴെയുള്ളവരാണ്. മറ്റൊരു ജര്‍മന്‍ കാര്‍ ബ്രാന്‍ഡായ ബി.എം.ഡബ്ല്യു വാങ്ങുന്നവരുടെ ശരാശരി പ്രായം 35നും 40നും ഇടയിലാണെന്നും കണക്കുകള്‍ പറയുന്നു.

ലംബോര്‍ഗിനി

ആഗോള ലക്ഷ്വറി കാര്‍ വിപണിയില്‍ മെല്ലെപ്പോക്ക് തുടരുന്നതിനിടയില്‍ ലംബോര്‍ഗിനി 2027വരെ ഇന്ത്യയില്‍ സോള്‍ഡ് ഔട്ടായി. ലംബോര്‍ഗിനി കാറുകള്‍ സ്വന്തമാക്കുന്നവരില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറവ് ഇന്ത്യക്കാര്‍ക്കാണെന്നും കമ്പനി സി.ഇ.ഒ പറയുന്നു. ഇതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ത്യക്കാരുടെ ശരാശരി പ്രായം കുറവാണെന്നതാണ് ആദ്യ കാരണം. വിജയകരമായി മുന്നോട്ടുപോകുന്ന നിരവധി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഇന്ത്യയിലുണ്ടെന്നതാണ് രണ്ടാമത്തെ കാരണം. വലിയ വിലയുള്ള ലക്ഷ്വറി കാറുകള്‍ വാങ്ങാന്‍ സമ്പന്നരായ ചെറുപ്പക്കാര്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പന്നരിലും വളര്‍ന്ന് ഇന്ത്യ

30 മില്യന്‍ ഡോളറിന് (ഏകദേശം 250 കോടിരൂപ) മുകളില്‍ സമ്പത്തുള്ള അതിസമ്പന്നരുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. ലക്ഷ്വറി കാറുകള്‍ വാങ്ങാന്‍ ശേഷിയുള്ള ഇത്തരം സമ്പന്നരുടെ എണ്ണം 2018ന് ശേഷമുള്ള അഞ്ച് വര്‍ഷത്തില്‍ 50 ശതമാനം വര്‍ധിച്ചെന്നാണ് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്റെ പഠനം പറയുന്നത്. ഇതില്‍ കൂടുതലും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരോ ആദ്യതലമുറയിലെ സംരംഭകരോ ആയതിനാല്‍ തന്നെ വിലകൂടിയ കാറുകള്‍ സ്വന്തമാക്കാനുള്ള പ്രവണത കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലായതും ലക്ഷ്വറി കാര്‍ വില്‍പ്പനയെ സ്വാധീനിച്ചു. ഇത് ശരിവെക്കുന്ന തരത്തിലാണ് രാജ്യത്ത് കൊവിഡിന് ശേഷമുള്ള ലക്ഷ്വറി കാര്‍ വില്‍പ്പന. കഴിഞ്ഞ വര്‍ഷം 1,300 പുതിയ വാഹനങ്ങളെങ്കിലും രാജ്യത്തിറങ്ങി. ഇതില്‍ നൂറിലധികം കാറുകള്‍ ലംബോര്‍ഗിനിയുടെ വകയായിരുന്നു.

ലക്ഷ്വറി കാര്‍ വിപണി, അത്ര ചെറുതല്ല

ഇനി, ലംബോര്‍ഗിനി കാറുകള്‍ സ്വന്തമാക്കാന്‍ എത്ര കോടിരൂപ കൊടുക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് മനസിലാക്കുമ്പോഴാണ് ഇന്ത്യയിലെ ലക്ഷ്വറി കാര്‍ വിപണിയുടെ വലിപ്പം മനസിലാക്കാന്‍ കഴിയുന്നത്. ഹുറാക്കാന്‍, ഉറുസ്, റിവെല്‍റ്റോ തുടങ്ങിയ മോഡലുകളാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ വില്‍ക്കുന്നത്. നികുതിക്ക് പുറമെ 4 കോടി മുതല്‍ 8.89 കോടി രൂപവരെയാണ് ഈ വാഹനങ്ങള്‍ക്ക് വില വരുന്നത്. പൂര്‍ണമായും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് കൊണ്ട് 100 ശതമാനം നികുതിയും കൊടുക്കേണ്ടി വരും. അപ്പോള്‍ റോഡിലിറങ്ങുമ്പോള്‍ എത്ര രൂപയാകുമെന്ന് പറയേണ്ടതില്ലല്ലോ. മേയ്ബാക്ക് മോഡലുകള്‍ അഞ്ഞൂറിലധികം യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. 2.77 കോടി മുതല്‍ 4.20 കോടി രൂപ വരെ വിലയുള്ള വാഹനങ്ങളാണിവ.

കൂടുതല്‍ നഗരങ്ങളിലേക്ക്

ലക്ഷ്വറി കാര്‍ ശ്രേണിയിലെ വില്‍പ്പന കൂടിയതോടെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പക്കാനാണ് ബെന്‍സിന്റെയും ലംബോര്‍ഗിനിയുടെയും തീരുമാനം. പ്രതിവര്‍ഷം 40 ലക്ഷത്തോളം വാഹനങ്ങള്‍ ഇറങ്ങുന്ന ഇന്ത്യന്‍ വാഹന വിപണിയുടെ ഒരു ശതമാനത്തോളമാണ് ലക്ഷ്വറി കാര്‍ വിപണിയെങ്കിലും വലിയ സാധ്യതയാണ് കമ്പനികള്‍ കാണുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു നഗരങ്ങളില്‍ ഷോറൂമുകളുള്ള ലംബോര്‍ഗിനി അടുത്ത ഷോറൂം തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ ഹൈദരാബാദില്‍ മാത്രം ഷോറൂമുകളുള്ള മേയ്ബാക്കും കൂടുതല്‍ നഗരങ്ങളിലേക്ക് വളരാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ആഗോള പ്രശ്‌നങ്ങള്‍ രൂക്ഷമായാല്‍ ഇക്കൊല്ലം വില്‍പ്പന കുറഞ്ഞേക്കുമോയെന്ന ആശങ്കയും വിപണിയിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT