Image : CANVA 
News & Views

ഇപിഎഫ്ഒ വരിക്കാര്‍ക്ക് ആശ്വാസം! ലക്ഷക്കണക്കിന് ഇന്‍ഓപ്പറേറ്റീവ് അക്കൗണ്ടുകളിലെ പണം ഉടന്‍ കൈമാറും; നിങ്ങള്‍ ചെയ്യേണ്ടത് എന്ത്?

ഏകദേശം 30.52 കോടി രൂപയാണ് അവകാശികളില്ലാതെ ഇപിഎഫ്ഒയുടെ പക്കല്‍ കെട്ടിക്കിടക്കുന്നത്

Dhanam News Desk

ഇപിഎഫ്ഒ (EPFO) അക്കൗണ്ടുകളില്‍ വര്‍ഷങ്ങളായി ഇടപാടുകള്‍ നടക്കാതെ കിടക്കുന്ന ലക്ഷക്കണക്കിന് വരിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസകരമായ ഒരു വാര്‍ത്ത. 1,000 രൂപ വരെ ബാലന്‍സുള്ള 7.11 ലക്ഷത്തിലധികം ഇന്‍ഓപ്പറേറ്റീവ് (Inoperative) അക്കൗണ്ടുകള്‍ തീര്‍പ്പാക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. അടുത്തിടെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് ഈ സുപ്രധാന തീരുമാനമെന്ന് പിടിഐ (PTI) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 30.52 കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ഇപിഎഫ്ഒയുടെ പക്കല്‍ കെട്ടിക്കിടക്കുന്നത്. ഈ തുക അതാത് അക്കൗണ്ട് ഉടമകള്‍ക്കോ അവരുടെ നിയമപരമായ അവകാശികള്‍ക്കോ ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ആര്‍ക്കൊക്കെ പണം ലഭിക്കും?

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച (Aadhaar-seeded) ഇപിഎഫ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഈ തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. ലളിതമായ ഈ നടപടിക്രമത്തിലൂടെ അര്‍ഹരായവര്‍ക്ക് തുക വേഗത്തില്‍ ലഭ്യമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

എന്താണ് ഇന്‍ഓപ്പറേറ്റീവ് അക്കൗണ്ടുകള്‍?

പിഎഫ് വിഹിതം അടയ്ക്കുന്നത് നിലയ്ക്കുകയും മൂന്ന് വര്‍ഷത്തിലധികം കാലയളവില്‍ യാതൊരു ഇടപാടുകളും നടക്കാതിരിക്കുകയും ചെയ്യുന്ന അക്കൗണ്ടുകളെയാണ് 'ഇന്‍ഓപ്പറേറ്റീവ്' എന്ന് വിളിക്കുന്നത്. താഴെ പറയുന്ന സാഹചര്യങ്ങളില്‍ അക്കൗണ്ടുകള്‍ ഇന്‍ഓപ്പറേറ്റീവ് ആകാം:

  • വിരമിക്കലിന് ശേഷം 3 വര്‍ഷം പിന്നിട്ടിട്ടും തുക പിന്‍വലിക്കാതിരിക്കുക.

  • വിദേശത്തേക്ക് സ്ഥിരതാമസത്തിനായി മാറുകയും 3 വര്‍ഷം കഴിയുകയും ചെയ്യുക.

  • വരിക്കാരന്‍ മരണപ്പെട്ടതിന് ശേഷം 3 വര്‍ഷം പിന്നിടുക.

നിലവിലെ നിയമപ്രകാരം, വരിക്കാരന് 58 വയസ് തികയുന്നത് വരെ അക്കൗണ്ടിലെ തുകയ്ക്ക് പലിശ ലഭിക്കുന്നതാണ്.

കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുക

ഇപിഎഫ്ഒയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ (X) അറിയിപ്പ് പ്രകാരം, സര്‍വീസിലിരിക്കെ ഒരു വരിക്കാരന്‍ മരണപ്പെട്ടാല്‍, മരണ തീയതി മുതല്‍ 3 വര്‍ഷത്തിന് ശേഷം ആ അക്കൗണ്ട് ഇന്‍ഓപ്പറേറ്റീവ് ആയി മാറും. അതിനാല്‍, പലിശ നഷ്ടപ്പെടാതിരിക്കാന്‍ കുടുംബാംഗങ്ങളോ നിയമപരമായ അവകാശികളോ നിശ്ചിത സമയത്തിനുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കാന്‍

ഒന്നിലധികം ഇ.പി.എഫ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം നിലവിലെ യു.എ.എന്‍ നമ്പറുമായി ബന്ധിപ്പിക്കുക. ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ഇ.പി.എഫ് പോര്‍ട്ടലില്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക, ഇ-നോമിനേഷന്‍ സൗകര്യം ഉപയോഗിച്ച് അവകാശികളെ നിശ്ചയിക്കുന്നത് പണം സുരക്ഷിതമായി ലഭിക്കാന്‍ സഹായിക്കും.

EPFO to release funds from lakhs of inoperative EPF accounts directly to Aadhaar-linked beneficiaries and legal heirs.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT