image credit : canva 
News & Views

മലയാള സിനിമയ്ക്ക് വീണ്ടും ഒ.ടി.ടി കാലം, 'ഫ്‌ളോപ്പ്' ചിത്രങ്ങള്‍ക്കു പോലും ഡിമാന്‍ഡ്; പെട്ടെന്നുള്ള മാറ്റത്തിന് കാരണമെന്ത്?

ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ മലയാള സിനിമകളുടെ എണ്ണം മൂന്നക്കത്തിന് അടുത്തെത്തി. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് തീയറ്ററുകളില്‍ നിന്ന് കാര്യമായ കളക്ഷന്‍ നേടിയത്

Dhanam News Desk

മലയാള സിനിമയ്ക്ക് പ്രത്യാശയുടെ വര്‍ഷമായിരുന്നു 2025ന്റെ ആദ്യ പകുതി. തീയറ്ററിലെത്തിയ ചിത്രങ്ങളില്‍ സിംഹഭാഗവും സാമ്പത്തികമായി തകര്‍ന്നെങ്കിലും ചിലത് അപ്രതീക്ഷിത വിജയവും നേടി. തീയറ്ററിലേക്ക് കുടുംബങ്ങളെ കൂട്ടത്തോടെ ആകര്‍ഷിച്ച 'തുടരും' ആണ് ഈ വര്‍ഷം ഇതുവരെ കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് കൂടുതല്‍ പണംവാരിയത്.

മലയാളം സിനിമയോട് മുഖംതിരിച്ചു നിന്നിരുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വീണ്ടും സജീവമാകുന്നതിനും 2025 സാക്ഷ്യം വഹിച്ചു. തീയറ്ററില്‍ ഒരു ചലനം പോലുമുണ്ടാക്കാത്ത ചിത്രങ്ങള്‍ പോലും ഇപ്പോള്‍ ഒ.ടി.ടികള്‍ എടുക്കുന്നുണ്ട്. വരുമാനം പങ്കിട്ടെടുക്കുന്ന രീതിയിലാണ് ഒ.ടി.ടി കരാറെന്ന് മാത്രം. തീയറ്ററുകളില്‍ കാര്യമായ നേട്ടം കൊയ്യാത്ത ചിത്രങ്ങള്‍ക്ക് മൊബൈല്‍ സ്‌ക്രീനില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

എത്ര പേര്‍ കാണുന്നുവെന്ന് അനുസരിച്ചാണ് ഒ.ടി.ടികള്‍ ഇപ്പോള്‍ നിര്‍മാതാക്കള്‍ക്ക് പണം നല്കുന്നത്. കൂടുതല്‍ ആളുകള്‍ കണ്ടാല്‍ കൂടുതല്‍ വരുമാനം ലഭിക്കും. തുടരും, ലൂസിഫര്‍ പോലെ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് മാത്രമാണ് ഒ.ടി.ടികള്‍ വിലയ്‌ക്കെടുക്കുന്നത്. തുടരും എന്ന ചിത്രത്തിന് 20 കോടിയിലധികം രൂപയാണ് ഒ.ടി.ടി റൈറ്റ്‌സ് വില്പനയിലൂടെ ലഭിച്ചത്.

മാറുന്ന ട്രെന്റ്, ആശ്വാസം നിര്‍മാതാക്കള്‍ക്ക്

ഇടക്കാലത്ത് സാറ്റലൈറ്റ്, ഓവര്‍സീസ് തുടങ്ങി വരുമാനം ഉണ്ടാക്കാന്‍ പലവഴികളുണ്ടായിരുന്നു.എന്നാൽ ഈ സാധ്യതകളെല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു. ടി.വി ചാനലുകള്‍ക്ക് പഴയതുപോലെ പ്രേക്ഷകരെ ലഭിക്കാതായതോടെ ഉയര്‍ന്ന തുക നല്കി സിനിമകള്‍ വാങ്ങുന്ന രീതിക്കും മാറ്റംവന്നു. മുമ്പ് ലഭിച്ചിരുന്നതിലും കുറഞ്ഞ തുകയാണ് സിനിമകള്‍ക്കായി ചാനലുകള്‍ നല്കുന്നത്.

ഓവര്‍സീസ് വരുമാനത്തിന്റെ കാര്യത്തിലും അവസ്ഥ ഇതൊക്കെ തന്നെ. വിജയിക്കുന്ന ചിത്രങ്ങള്‍ക്ക് അത്യാവശ്യം വരുമാനം ലഭിക്കും. എന്നാല്‍ ഓവര്‍സീസ് റൈറ്റ്‌സ് വില്പന എല്ലാ ചിത്രങ്ങള്‍ക്കും നേട്ടമാകാറില്ല. മലയാളത്തില്‍ ഒരു ചിത്രത്തിന് ഏറ്റവും കൂടുതല്‍ ഓവര്‍സീസ് വരുമാനം ലഭിച്ചത് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനാണ്.

ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ മലയാള സിനിമകളുടെ എണ്ണം മൂന്നക്കത്തിന് അടുത്തെത്തി. ഇതില്‍ പത്തില്‍ താഴെ മാത്രമാണ് തീയറ്ററുകളില്‍ നിന്ന് കാര്യമായ കളക്ഷന്‍ നേടിയത്. 2024നെ അപേക്ഷിച്ച് വിജയനിരക്ക് കൂടുതലാണെന്ന് മാത്രം. ഒ.ടി.ടി റിലീസിംഗില്‍ ഈ വര്‍ഷം 25 ശതമാനത്തിനു മുകളില്‍ വളര്‍ച്ചയുണ്ടെന്ന് സിനിമ രംഗത്തുള്ളവര്‍ പറയുന്നു.

വിജയ ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടായില്ലെങ്കിലും തീയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്ന വര്‍ഷം കൂടിയാണ് ഇത്. ലൂസിഫറും പിന്നീടെത്തിയ തുടരും എന്നീ ചിത്രങ്ങള്‍ തീയറ്ററുകളുടെ നിലനില്‍പ്പിന് കരുത്തായി.

Malayalam cinema experiences a new OTT era, with even flop films finding demand in digital platforms, signaling a shift in the industry

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT