Image: Canva canva
News & Views

മെലിയുന്നു ക്രിസ്മസ് റിലീസ്, മലയാള സിനിമയ്ക്ക് ദരിദ്രകാലമോ? വെറും 2 റിലീസുകള്‍ മാത്രം; വിനോദ വ്യവസായത്തിന് തിരിച്ചടി

ഇത്തവണ വെറും രണ്ട് ചിത്രങ്ങളാണ് ഈ അവധിക്കാലത്ത് തീയറ്ററിലെത്തുന്നത്. ദിലീപിന്റെ 'ഭഭബ', നിവിന്‍ പോളി നായകനായെത്തുന്ന 'സര്‍വം മായ' എന്നിവയാണ് ആ ചിത്രങ്ങള്‍

Dhanam News Desk

ഉത്സവ സീസണുകളായിരുന്നു എന്നും മലയാള സിനിമയുടെ ശക്തി. ഓണവും ക്രിസ്മസും മധ്യവേനല്‍ അവധിക്കാലവും ലക്ഷ്യമിട്ട് റിലീസ് ചെയ്തിരുന്ന ചിത്രങ്ങളുടെ നീണ്ട നിര തന്നെ മലയാള സിനിമക്കുണ്ടായിരുന്നു. സമീപകാലത്ത് പക്ഷേ അത്ര ശുഭകരമല്ലാത്ത കണക്കുകളാണ് മലയാള സിനിമയില്‍ നിന്ന് വരുന്നത്. സാമ്പത്തികമായി വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതായി മാറിയതോടെ മലയാള സിനിമ വറുതിയിലേക്ക് കൂപ്പുകുത്തിയെന്ന് വേണമെങ്കില്‍ പറയാം.

ഓരോ ക്രിസ്മസ് കാലത്തും അഞ്ചും ആറും സിനിമകളായിരുന്നു തീയറ്ററില്‍ റിലീസ് ചെയ്തിരുന്നത്. ഇത്തവണ വെറും രണ്ട് ചിത്രങ്ങളാണ് ഈ അവധിക്കാലത്ത് തീയറ്ററിലെത്തുന്നത്. ദിലീപിന്റെ 'ഭഭബ', നിവിന്‍ പോളി നായകനായെത്തുന്ന 'സര്‍വം മായ' എന്നിവയാണ് ആ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങള്‍ മാത്രം റിലീസ് ചെയ്യുന്നത് തീയറ്ററുകള്‍ക്കും ആശങ്കയാണ് സമ്മാനിക്കുന്നത്.

തീയറ്റര്‍ വ്യവസായത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത് ഓണവും ക്രിസ്മസും അടക്കമുള്ള സമയങ്ങളാണ്. കുടുംബ പ്രേക്ഷകര്‍ കൂടുതലായി തീയറ്ററിലേക്ക് എത്തുന്നത് ഈ സമയത്താണെന്നതാണ് കാരണം. കോവിഡ് കാലത്തൊഴികെ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മലയാള സിനിമയില്‍ ക്രിസ്മസ് കാലത്തെ റിലീസ് രണ്ടിലേക്ക് ഒതുങ്ങുന്നത്.

മങ്ങുന്നു, മലയാളസിനിമ

ആദ്യ ദിനത്തില്‍ മോശം റിപ്പോര്‍ട്ട് വന്നാല്‍ പ്രേക്ഷകര്‍ക്ക് തീയറ്ററിലേക്ക് എത്താന്‍ മറ്റ് ഓപ്ഷനുകളില്ലാതാകും. അങ്ങനെ സംഭവിച്ചാല്‍ തീയറ്റര്‍ വരുമാനം തന്നെ നിലച്ചേക്കുമെന്ന ആശങ്ക തീയറ്റര്‍ ഉടമകള്‍ക്കുണ്ട്. 2024ന്റെ അവസാനം മുതല്‍ മലയാള സിനിമയില്‍ അത്ര സുഖകരമല്ലാത്തൊരു മാറ്റം നടക്കുന്നുണ്ട്. പുതിയ പ്രൊജക്ടുകളുടെ എണ്ണം തീര്‍ത്തും കുറയുകയാണ്.

ഈ വര്‍ഷം പുറത്തിറങ്ങിയ സിനികളുടെ എണ്ണം 200ല്‍ താഴെയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ വല്ലാതെ കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ജൂണിനുശേഷമുള്ള രണ്ടാംപാകുതിയില്‍. അടുത്ത വര്‍ഷം മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും കുറച്ച് സിനിമകള്‍ റിലീസ് ചെയ്യുന്ന വര്‍ഷമായി മാറുമെന്നാണ് സിനിമ മേഖലയില്‍ നിന്നുള്ളവരുടെ മുന്നറിയിപ്പ്.

ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണം. ഈ വര്‍ഷം മാത്രം പ്ലാന്‍ ചെയ്തശേഷം ഉപേക്ഷിച്ച ചിത്രങ്ങളുടെ എണ്ണം 25ലേറെയാണ്. അടുത്ത വര്‍ഷം തീയറ്ററിലെത്തേണ്ടിയിരുന്ന ചിത്രങ്ങളായിരുന്നു ഇത്. ഇവയില്‍ പലതും പൂര്‍ണമായി ഉപേക്ഷിച്ചതാണ്. മുമ്പ് 10-15 ചിത്രങ്ങളുടെ ഷൂട്ടിംഗ് മാത്രം കൊച്ചിയില്‍ ഒരേസമയം നടന്നിരുന്നു. എന്നാല്‍ ഇപ്പോഴിത് 10ല്‍ താഴെയായി മാറി.

പുതിയ നിര്‍മാതാക്കള്‍ വരുന്നില്ലെന്നതാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ലാഭകരമല്ലാത്ത ബിസിനസായി മാറിയതോടെ ഈ രംഗത്ത് പണം മുടക്കാന്‍ താല്പര്യമുള്ളവരുടെ എണ്ണവും കുറഞ്ഞു. വലിയ പ്രൊഡക്ഷന്‍ ഹൗസുകളാകട്ടെ ചെയ്യുന്ന പടങ്ങളുടെ എണ്ണവും കുറച്ചു. മലയാള സിനിമയെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് പേര്‍ വരും വര്‍ഷങ്ങളില്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT