News & Views

ഒ.ടി.ടി മോഡല്‍ 'നീക്കം' സാറ്റലൈറ്റ് ചാനലുകളിലും? മലയാള സിനിമയെ കാത്തിരിക്കുന്നത് വന്‍ പ്രഹരം!

ടി.വിക്ക് മുന്നില്‍ വന്നിരുന്ന് സിനിമകള്‍ കാണുന്നതിനോട് പ്രേക്ഷകര്‍ക്ക് താല്പര്യം താല്‍പര്യം നഷ്ടമായി. ഇതോടെ സിനിമകളുടെ ബാര്‍ക് റേറ്റിംഗ് കുത്തനെ താഴേക്ക് പോകുകയും ചെയ്തു

Dhanam News Desk

അടിമുടി സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന മലയാള സിനിമയ്ക്ക് തിരിച്ചടിയായി സാറ്റലൈറ്റ് ചാനല്‍ റൈറ്റ്‌സ് വില്പനയിലെ മാന്ദ്യം. മുമ്പ് സാറ്റലൈറ്റ് വില്പനയിലൂടെ വലിയ വരുമാനം നിര്‍മാതാക്കള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒ.ടി.ടി ശക്തിപ്രാപിച്ചതോടെ ടി.വി സംപ്രേക്ഷണാവകാശ വില്പന കുറഞ്ഞിരുന്നു.

ടി.വി ചാനലുകളില്‍ പുതിയ സിനിമകള്‍ക്ക് പോലും റേറ്റിംഗ് കുറഞ്ഞതോടെ വരുമാനം വീതിക്കുന്ന രീതിയിലേക്ക് മാറാന്‍ ചാനലുകളും തയാറെടുക്കുന്നുവെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ ലഭിക്കുന്ന തുക പോലും നിര്‍മാതാക്കള്‍ക്ക് ലഭിക്കാത്ത അവസ്ഥ വരും. അടുത്തിടെയായി ചാനലുകള്‍ സിനിമകള്‍ വാങ്ങുന്നത് കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 200ലേറെ ചിത്രങ്ങളില്‍ മൂന്നിലൊന്ന് ചിത്രങ്ങള്‍ മാത്രമാണ് ചാനലുകള്‍ വാങ്ങിയത്. ഈ വര്‍ഷം വിറ്റുപോകാത്ത സിനിമകളുടെ എണ്ണം കൂടുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

തീയറ്ററിലും പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്ത ശേഷമാണ് ഒട്ടുമിക്ക ചിത്രങ്ങളും ടി.വി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. മുമ്പ് കണ്ടിരുന്നതിനാല്‍ ടി.വിക്ക് മുന്നില്‍ വന്നിരുന്ന് സിനിമകള്‍ കാണുന്നതിനോട് പ്രേക്ഷകര്‍ക്ക് താല്പര്യം നഷ്ടമാകുകയും ചെയ്തു. ഇതോടെ സിനിമകളുടെ ബാര്‍ക് റേറ്റിംഗ് കുത്തനെ താഴേക്ക് പോകുകയും ചെയ്തു. എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുടെ റേറ്റിംഗ് ഇടിയുന്നതും സിനിമമേഖലയ്ക്ക് തിരിച്ചടിയാണ്.

ഒ.ടി.ടികളുടെ രീതി

മുമ്പ് സിനിമയുടെ ഒ.ടി.ടി റൈറ്റ്‌സ് തുക പറഞ്ഞ് ഉറപ്പിക്കുന്നതായിരുന്നു രീതി. എന്നാല്‍ ഇത്തരം സിനിമകളില്‍ നിന്ന് കാര്യമായ സാമ്പത്തികനേട്ടം കിട്ടാതിരുന്നതോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ രീതി മാറ്റി. വരുമാനം പങ്കുവയ്ക്കുന്ന തരത്തിലാക്കി കരാര്‍. അതായത്, ഒരു സിനിമ കോടികള്‍ മുടക്കി എടുക്കുന്നതിന് പകരം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ കാണുന്നതിന് ആനുപാതികമായി വരുമാനം പങ്കുവയ്ക്കുന്ന രീതിയിലായി. ഇത്തരം രീതിയിലേക്ക് മാറിയതോടെ തിരിച്ചടി കിട്ടിയത് നിര്‍മാതാവിനാണ്.

മലയാള സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കാണുന്നവരേക്കാള്‍ കൂടുതല്‍ ടെലിഗ്രാമിലും മറ്റ് അനധികൃത വെബ്‌സൈറ്റുകള്‍ വഴിയും കാണുന്നവരാണ് കൂടുതല്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ അപ് ലോഡ്‌ചെയ്ത് മണിക്കൂറുകള്‍ക്കകം ഇവ അനധികൃത രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. മുമ്പൊക്കെ തീയറ്ററില്‍ റിലീസാകുന്ന സമയത്തായിരുന്നു സിനിമകളുടെ പൈറസി കോപ്പികള്‍ പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഒ.ടി.ടി റിലീസിംഗിലാണ് ഇത്തരം അനധികൃത പ്രിന്റുകള്‍ വരുന്നത്.

അടുത്തിടെ ഒ.ടി.ടിയില്‍ ഇറങ്ങിയ ചിത്രത്തിന്റെ വരുമാനം പങ്കുവച്ചപ്പോള്‍ നിര്‍മാതാവിന് കിട്ടിയത് 90,000 രൂപ മാത്രമാണ്. ഇതാണ് ഒട്ടുമിക്ക സിനിമകളുടെയും അവസ്ഥ. തുക പറഞ്ഞുറപ്പിച്ച് കച്ചവടം നടക്കുന്നത് സൂപ്പര്‍താരങ്ങളുടെ വലിയ ചിത്രങ്ങള്‍ മാത്രമാണ്. അതും മുമ്പ് കിട്ടിയിരുന്നതിന്റെ പകുതി മാത്രം. മാര്‍ച്ച് 27ന് പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ഒ.ടി.ടി റൈറ്റ്‌സ് ഇത്തരത്തില്‍ വലിയ തുകയ്ക്കാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

സിനിമ സമരം ഒഴിവായി

സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമുന്നയിച്ച് നടത്താനിരുന്ന സിനിമ സൂചന സമരം കേരള ഫിലിം ചേംബര്‍ ഒഴിവാക്കി. ജി.എസ്.ടിയും വിനോദ നികുതിയും ഉള്‍പ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിര്‍മാതാക്കളുടെ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണിത്.

മാര്‍ച്ച് 10നു ശേഷമായിരിക്കും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഫിലിം ചേംബര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT