മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞതോടെ യുട്യൂബ് റിലീസിംഗ് വ്യാപകമാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ 50ഓളം ചിത്രങ്ങളാണ് യുട്യൂബില്‍ എത്തിയത്. വര്‍ഷങ്ങളായി പെട്ടിയിലിരിക്കുന്ന ചിത്രങ്ങള്‍ പോലും വാങ്ങാന്‍ യുട്യൂബ് ചാനലുകള്‍ മുന്നോട്ടു വരുന്നുണ്ട്.
യുട്യൂബില്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്ന കമ്പനികള്‍ മലയാളത്തില്‍ സജീവമാണ്. മുമ്പുണ്ടായിരുന്ന കമ്പനികളും പുതിയ സംരംഭകരും ഈ രംഗത്ത് സജീവമാണ്. വരുമാനം നിര്‍മാതാക്കളും യുട്യൂബ് ചാനലുകളും പങ്കിട്ടെടുക്കുന്ന രീതിയിലാണ് മിക്ക സിനിമകളും വാങ്ങുന്നത്. തീയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിക്കാതിരുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ചീന ട്രോഫി അടുത്തിടെ സിനിമ വില്ല എന്ന ചാനല്‍ അപ് ലോഡ് ചെയ്തിരുന്നു, ചുരുങ്ങിയ ദിവസം കൊണ്ട് 1.5 കോടി പേരാണ് ചിത്രം യുട്യൂബില്‍ കണ്ടത്.
ഒ.ടി.ടിയില്‍ വിറ്റുപോകാന്‍ സാധിക്കാതിരുന്ന ചിത്രം യുട്യൂബില്‍ വന്നതോടെ അത്യാവശ്യം നല്ലൊരു തുക നേടാന്‍ നിര്‍മാതാവിന് സാധിച്ചു. ചിത്രത്തിന്റെ യുട്യൂബ് റൈറ്റ്‌സ് സ്വന്തമാക്കിയവര്‍ പലവിധത്തിലാണ് ഇവ അപ്‌ലോഡ് ചെയ്യുക. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമുഹമാധ്യമങ്ങളില്‍ മൂന്നോ നാലോ ദൈര്‍ഘ്യമുള്ള ക്ലിപ്പുകളായി ചിത്രത്തിലെ ദൃശ്യങ്ങള്‍ ഇടാറുണ്ട്. ഇതുവഴി പരസ്യ വരുമാനം ലഭിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ 50ലേറെ ചിത്രങ്ങളാണ് യുട്യൂബില്‍ അപ് ലോഡ് ചെയ്തത്. തീയറ്ററില്‍ ഒരാഴ്ച പോലും തികച്ച് ഓടാതിരുന്ന ചിത്രങ്ങള്‍ക്ക് പോലും മികച്ച രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങള്‍ യുട്യൂബില്‍ റിലീസിംഗിനെത്തുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine