x.com/Mohanlal
News & Views

അവസാന നിമിഷം 'ഒഴിവായി' പ്രവാസി നിര്‍മാതാക്കള്‍, അണിയറയില്‍ അനിശ്ചിതത്വം; മലയാള സിനിമയ്ക്ക് പുതിയ പ്രതിസന്ധി

ഒ.ടി.ടി ഉള്‍പ്പെടെയുള്ള വരുമാനങ്ങളൊന്നും ഉറപ്പില്ലെന്നു മാത്രമല്ല മുന്‍കൂട്ടി നിശ്ചയിച്ച ബജറ്റില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്

Dhanam News Desk

മലയാള സിനിമയില്‍ അഭിനേതാക്കളും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെ പ്രൊജക്ടുകളില്‍ നിന്നൊഴിവായി പുതുമുഖ നിര്‍മാതാക്കള്‍. ഏപ്രില്‍-മെയ് മാസങ്ങളില്‍ ചിത്രീകരണം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്ന അഞ്ചോളം ചിത്രങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ടാംനിരയിലുള്ള നായകനടന്മാരെ ഉള്‍പ്പെടുത്തിയുള്ള പ്രൊജക്ടുകളാണ് മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നത്.

സിനിമ നിര്‍മാണം സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്നുവെന്ന വസ്തുത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തന്നെ പുറത്തുവിട്ടതാണ് താല്പര്യവുമായി എത്തിയവരെ പിന്നോട്ടടിക്കുന്നത്. അടുത്ത കാലത്തായി മലയാള സിനിമയില്‍ പണംമുടക്കാനെത്തുന്നവരിലേറെയും പുതുമുഖ നിര്‍മാതാക്കളാണ്. ഇവരില്‍ പലരും വിദേശ മലയാളികളുമാണ്. സിനിമയോടുള്ള താല്പര്യം നിമിത്തമാണ് പലരും പണംമുടക്കാന്‍ തയാറാകുന്നതും.

വിദേശ മലയാളികള്‍ പിന്മാറുന്നു

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതുമുഖ നിര്‍മാതാക്കളായി മലയാള സിനിമയിലേക്ക് എത്തിയവരുടെ എണ്ണം 200ന് മുകളിലാണ്. ഇവരില്‍ 85 ശതമാനം നിര്‍മാതാക്കളും ഒരൊറ്റ സിനിമ നിര്‍മിച്ചതോടെ കളംവിടുകയാണ്. കോടികള്‍ നഷ്ടമായ നിര്‍മാതാക്കളും ഇക്കൂട്ടത്തിലുണ്ട്. പുതുമുഖ നിര്‍മാതാക്കളുടെ സിംഹഭാഗവും വിദേശ മലയാളികളാണ്. ഈ നിര്‍മാതാക്കളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അടുത്തിടെ രണ്ടാംനിര നടന്മാരെ വച്ച് സിനിമയെടുത്ത് വിജയിച്ച ഒരു നിര്‍മാതാവ് പറഞ്ഞത് ഈ ഫീല്‍ഡിലേക്ക് ഇനിയില്ലെന്നാണ്.

ഒ.ടി.ടി റൈറ്റ്‌സ്, ഓവര്‍സീസ്, സാറ്റലൈറ്റ് വരുമാനം എന്നിങ്ങനെ വലിയ ഓഫറുകള്‍ കാണിച്ചാണ് പല വിദേശ മലയാളികളെയും സിനിമയിലേക്ക് എത്തിക്കുന്നത്. ഒ.ടി.ടി ഉള്‍പ്പെടെയുള്ള വരുമാനങ്ങളൊന്നും ഉറപ്പില്ലെന്നു മാത്രമല്ല മുന്‍കൂട്ടി നിശ്ചയിച്ച ബജറ്റില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അടുത്തിടെ നാലു കോടിക്ക് തീര്‍ക്കാമെന്ന് പറഞ്ഞ് ആരംഭിച്ച സിനിമ പൂര്‍ത്തിയാക്കാന്‍ 20 കോടി രൂപയിലധികം വന്നെന്ന വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഈ വര്‍ഷം ശുഷ്‌കമാകും

കോവിഡിനുശേഷം 200ന് മുകളില്‍ സിനിമകളാണ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്. ഇതില്‍ വിജയിക്കുന്നതാകട്ടെ തീരെ കുറച്ചു മാത്രവും. നിര്‍മാതാക്കള്‍ പലരും പിന്‍മാറി തുടങ്ങിയതോടെ ഈ വര്‍ഷം സിനിമകളുടെ എണ്ണം കുറയുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഈ വര്‍ഷം ഇതുവരെ 50ലധികം ചിത്രങ്ങള്‍ തീയറ്ററിലെത്തി. ഇതില്‍ രണ്ടെണ്ണം മാത്രമാണ് നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചുനല്‍കിയത്. ആസിഫ് അലി അഭിനയിച്ച 'രേഖചിത്രം' കോടികള്‍ വാരിയപ്പോള്‍ ഹിറ്റിലേക്ക് കുതിക്കുന്ന മറ്റൊരു ചിത്രം കുഞ്ചാക്കോ ബോബന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ആണ്. ലോംഗ് റണ്ണില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് ബോക്‌സ്ഫീസ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 27ന് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'എംപുരാന്‍' റിലീസിംഗിന് ഒരുങ്ങുകയാണ്. സിനിമരംഗത്തെ വിവാദം ചൂടുപിടിക്കുന്നത് ഈ ചിത്രവുമായി ബന്ധപ്പെട്ടു കൂടിയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ എംപുരാന്റെ റിലീസിംഗ് വഴിയൊരുക്കുമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ വിലയിരുത്തല്‍. സമ്മര്‍ദ തന്ത്രവുമായി അവര്‍ രംഗത്തെത്തിയതിന് കാരണവും ഇതുതന്നെയാണ്. എന്തായാലും മലയാള സിനിമയെ സംബന്ധിച്ച് അത്ര സുഖകരമായ ദിവസങ്ങളല്ല മുന്നില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT