തീയറ്ററുകളില്‍ കാര്യമായ റിലീസുകള്‍ ഈയാഴ്ച ഇല്ലെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിരവധി ചിത്രങ്ങള്‍ എത്തുന്ന ആഴ്ചയാണിത്. പേ പെര്‍ വ്യൂ രീതിയിലേക്ക് മാറിയതോടെ മലയാള ചിത്രങ്ങള്‍ കൂടുതലായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്നുണ്ട്. വരുമാനം വീതിച്ചെടുക്കുന്ന രീതിയാണിത്. ടെലഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ അനധികൃത മാര്‍ഗത്തിലാണ് പ്രേക്ഷകര്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നുവെന്നതിനാല്‍ നിര്‍മാതാക്കള്‍ക്ക് നാമമാത്ര വരുമാനമാണ് ലഭിക്കുന്നത്.
വരുന്ന ആഴ്ചകളില്‍ അരഡസനിലേറെ മലയാള ചിത്രങ്ങളാണ് വിവിധ ഒ.ടി.ടികളിലൂടെ എത്തുന്നത്. വലിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം പ്രാദേശിക പ്ലാറ്റ്‌ഫോമുകളും സിനിമകളുമായി സജീവമാണ്. വരും ദിവസങ്ങളില്‍ റിലീസാകുന്ന ചിത്രങ്ങളേതൊക്കെയെന്ന് നോക്കാം.
കോമഡിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ പെറ്റ് ഡിറ്റക്ടീവ് നവംബര്‍ 28നാണ് ഒ.ടി.ടിയില്‍ എത്തുന്നത്. സീഫൈവ്(Zee5) ആണ് ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷറഫുദീന്‍, അനുപമ പരമേശ്വരന്‍, വിനായകന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം തീയറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നു.
രവി തേജ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തെലുഗ് ചിത്രം മലയാളത്തില്‍ മൊഴിമാറ്റിയാണ് എത്തുന്നത്. നെറ്റ് ഫ്‌ളിക്‌സില്‍ നവംബര്‍ 28 മുതലാണ് സ്ട്രീമിംഗ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തീയറ്ററില്‍ കാര്യമായി വിജയിച്ചിരുന്നില്ല.
ഗ്രാമീണ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഷേഡ്‌സ് ഓഫ് ലൈഫില്‍ നിയാസ് ബക്കര്‍, ശ്രീജ ദാസ്, ദാസന്‍ കൊങ്ങാട് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രം മനോരമ മാക്‌സില്‍ പ്രദര്‍ശനം തുടങ്ങി.
ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പ്രൈവറ്റ് മനോരമ മക്‌സിലാണ് സ്ട്രീമിംഗ് ചെയ്യുന്നത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണിത്.
തീയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം വിലായത്ത് ബുദ്ധയുടെ ഒ.ടി.ടി റിലീസിനെ സംബന്ധിച്ച് അറിയിപ്പുകളൊന്നും വന്നിട്ടില്ല. നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയെന്ന് കേട്ടിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. തീയറ്ററില്‍ വിജയിക്കാതെ പോയത് ഒ.ടി.ടി വില്പനയില്‍ ചിത്രത്തിന് തിരിച്ചടിയായേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine