News & Views

ഇതരസംസ്ഥാനക്കാര്‍ തൊഴിലിനായി കേരളത്തിലേക്ക്, മലയാളികള്‍ കച്ചവടത്തിനായി തമിഴ്‌നാട്ടിലേക്ക്; ട്രെന്റ് മാറ്റത്തിന് പിന്നിലെന്ത്?

കടവാടക, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചെലവ് ഇവയെല്ലാം തമിഴ്നാട്ടില്‍ പലപ്പോഴും കുറഞ്ഞതായിരിക്കും.

Dhanam News Desk

ഇതരസംസ്ഥാന തൊഴിലാളികളുടെ 'ഗള്‍ഫ്' ആണ് കേരളം. ഉയര്‍ന്ന വരുമാനവും കൂടുതല്‍ സാധ്യതകളും തേടിയാണ് ഇവര്‍ എത്തുന്നത്. അതേസമയം, കേരളത്തില്‍ നിന്ന് കച്ചവടം ചെയ്യുന്നവരുടെ ഒരു മാറ്റം ആരും ശ്രദ്ധിക്കാത്ത രീതിയില്‍ നടക്കുന്നുണ്ട്. അത് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കാണ്. മുമ്പ് തമിഴര്‍ കേരളത്തിലേക്ക് കച്ചവടത്തിനും ജോലിക്കുമായി എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്.

നിരവധി മലയാളികളാണ് തമിഴ്‌നാട്ടിലെത്തി കച്ചവടം നടത്തുന്നത്. മുമ്പ് കൃഷി ചെയ്യാനായിരുന്നു മലയാളികള്‍ അതിര്‍ത്തി കടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കച്ചവടത്തിനായാണ് ചെക്ക് പോസ്റ്റ് കടക്കുന്നത്.

എന്തുകൊണ്ട് തമിഴ്‌നാട്

അതിര്‍ത്തി കടന്നുപോയി കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നത് പലവിധ ഘടകങ്ങളാണ്. അതിലേറ്റവും പ്രധാനം തമിഴ്‌നാട്ടില്‍ കെട്ടിട വാടകയും അനുബന്ധ ചെലവുകളും കുറവാണെന്നതാണ്. കേരളത്തില്‍ ഒരു കടമുറി വാടകയ്‌ക്കെടുക്കാന്‍ ലക്ഷങ്ങള്‍ സെക്യൂരിറ്റിയായി നല്കണം. എന്നാല്‍ തമിഴ്‌നാട്ടില്‍ സെക്യൂരിറ്റി തുക കുറച്ചു നല്കിയാല്‍ മതി.

കേരളത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ബിസിനസ് ആരംഭിക്കാനും നടത്താനും കഴിയുന്നതാണ് പ്രധാന കാരണം. കടവാടക, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചെലവ് ഇവയെല്ലാം തമിഴ്നാട്ടില്‍ പലപ്പോഴും കുറഞ്ഞതായിരിക്കും. സര്‍ക്കാര്‍ തലത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷവും കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഭരണ രീതിയും ബിസിനസുകള്‍ക്ക് സഹായകരമാണ്.

കേരളത്തില്‍ ലൈസന്‍സ്, അനുമതികള്‍, തൊഴിലാളി നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ പലപ്പോഴും നീണ്ടുപോകുമ്പോള്‍, തമിഴ്നാട്ടില്‍ അത് താരതമ്യേന ലളിതമാണെന്നതാണ് വ്യാപാരികളുടെ അനുഭവം. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ വിജേഷ് ഗോപിനാഥന്‍ മേട്ടുപാളയത്ത് ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ്. 8 വര്‍ഷം മുമ്പാണ് വിജേഷും സുഹൃത്തുക്കളും ഇവിടെയെത്തുന്നത്. നാട്ടില്‍ ചെറിയ ബിസിനസുകള്‍ നടത്തി അതെല്ലാം തകര്‍ന്നു നില്‍ക്കുമ്പോഴായിരുന്നു തമിഴ്‌നാട്ടിലേക്ക് വണ്ടി കയറിയത്. ഇപ്പോള്‍ മികച്ച രീതിയില്‍ ബിസിനസ് നടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

തങ്ങള്‍ വന്ന സമയത്ത് മേട്ടുപ്പാളയത്ത് മലയാളികള്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ളവരുടെ പത്തിലേറെ കച്ചവട സ്ഥാപനങ്ങള്‍ മേട്ടുപാളയത്ത് ഉണ്ടെന്ന് വിജേഷ് പറയുന്നു. കേരളത്തേക്കാള്‍ കച്ചവടത്തിന് പറ്റിയ സ്ഥലം തമിഴ്‌നാടാണെന്ന് അദ്ദേഹം സംശയലേശമന്യേ പറയും. മലയാളികളെ മറികടക്കുന്ന രീതിയില്‍ തമിഴരുടെ ചെലവഴിക്കല്‍ വര്‍ധിച്ചുവെന്നും സര്‍ക്കാര്‍ തലത്തില്‍ നല്കുന്ന സേവനങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

സമാനമായ അഭിപ്രായമാണ് കമ്പത്ത് ഹോംസ്‌റ്റേ നടത്തുന്ന സതീഷ് സോമനും പങ്കുവയ്ക്കുന്നത്. ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സംരംഭകരെ കാര്യമായി ബുദ്ധിമുട്ടിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കാറില്ല. ലൈസന്‍സുകള്‍ക്കായി ഏകജാലക സംവിധാനം തമിഴ്‌നാട്ടിലുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ലൈസന്‍സ് സംബന്ധിയായ കാര്യങ്ങള്‍ ചെയ്തു നല്കുന്നതിനായി പ്രത്യേക ഓഫീസര്‍മാരെ പോലും നിയമിച്ചിട്ടുണ്ടെന്ന് സതീഷ് പറയുന്നു.

വലിയ മാര്‍ക്കറ്റ്, കൂടുതല്‍ സാധ്യതകള്‍

തമിഴ്നാട് ഒരു വലിയ വിപണിയാണ്. ജനസംഖ്യയും നഗരവത്കരണവും കൂടിയതിനാല്‍ വ്യാപാര മേഖലകളില്‍ വലിയ സാധ്യതയാണ് നിലനില്ക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ ഗൃഹോപകരണ, ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡുകളെല്ലാം തമിഴ്‌നാട്ടില്‍ കൂടുതലായി ഷോറൂമുകള്‍ തുറക്കുന്നുണ്ട്. തമിഴ് വിപണിയിലെ സാധ്യതകള്‍ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കേരളത്തിന് പുറത്ത് കൂടുതല്‍ ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്ന് തമിഴ്‌നാട് ആണ്.

തൊഴിലാളി ലഭ്യത കൂടുതല്‍

തമിഴ്നാട്ടില്‍ തൊഴിലാളികളെ ലഭിക്കുന്നത് താരതമ്യേന എളുപ്പമാണ്. കേരളത്തില്‍ തൊഴിലാളി ക്ഷാമവും ഉയര്‍ന്ന വേതനവും പലപ്പോഴും ചെറുകിട വ്യവസായങ്ങളെ ബാധിക്കുമ്പോള്‍, തമിഴ്നാട്ടില്‍ അത് കുറവാണ്. കേരളത്തില്‍ നിന്നുള്ള ബിസിനസുകാര്‍ തങ്ങളുടെ ഫാക്ടറികളും മറ്റും തമിഴ്‌നാട്ടില്‍ സ്ഥാപിക്കാനാണ് താല്പര്യപ്പെടുന്നത്. തൊഴില്‍ തര്‍ക്കങ്ങള്‍ കുറവാണെന്നതും തൊഴിലാളി ലഭ്യത കൂടിയതും ഇതിനു കാരണമായി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT