ലോകത്തിലെ ഏറ്റവും വലിയ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (എസ്ടിഇഎം) പ്രോത്സാഹക സംഘടനയായ 'ഫസ്റ്റ്' (FIRST- For Inspiration and Recognition of Science and Technology) സംഘടിപ്പിച്ച രാജ്യാന്തര മത്സരത്തിന്റെ ജഡ്ജിയായി മലയാളി.
അമേരിക്കയിലെ ഇന്‍ഡിയാനയില്‍ സംഘടിപ്പിച്ച മത്സരത്തിന്റെ വിധിനിര്‍ണയ സമിതിയിലേക്ക് പ്രമുഖ റോബോട്ടിക്സ് വിദഗ്ധനും ദുബൈ ആസ്ഥാനമായ യൂണീക് വേള്‍ഡ് റോബോട്ടിക്സ് സ്ഥാപകനുമായ ബന്‍സണ്‍ തോമസ് ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പ് ആണ് യുണിക് വേള്‍ഡ് റോബോട്ടിക്‌സ്.
ആഗോള സാങ്കേതിക വിദഗ്ദ്ധര്‍ അണിനിരന്ന ഉന്നതതല പാനലിലെ ഏക ഇന്ത്യക്കാരനും ബന്‍സണ്‍ തോമസ് ജോര്‍ജ് ആയിരുന്നു. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യകളില്‍ നേരിട്ട് പ്രായോഗിക പരിചയം നേടാനും സമൂഹത്തെ സ്വാധീനിക്കുന്ന പ്രോജക്ടുകള്‍ വികസിപ്പിക്കാനും എഫ്ടിസി പോലുള്ള വേദികള്‍ വലിയ അവസരമാണ് നല്‍കിയതെന്ന് ബന്‍സണ്‍ തോമസ് ജോര്‍ജ് പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ആഗോളതലത്തില്‍ ഏറ്റവും സ്വാധീനമുള്ള സംഘടനയായ 'ഫസ്റ്റ്' 12 മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരമായിരുന്നു 'ഫസ്റ്റ് ടെക് ചലഞ്ച്'. വിവിധ രാജ്യങ്ങളില്‍ നിന്നായി 106 പ്രമുഖ ടീമുകളാണ് പങ്കെടുത്തത്.
റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി (എഐ), സ്പേസ് ടെക്, ഐഒടി, എആര്‍/വിആര്‍, പ്യൂര്‍ സയന്‍സ്, ഗണിത ശാസ്ത്രം തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിച്ച ഈ സംഘടനയ്ക്ക് നാസ, യുഎസ് പ്രതിരോധ വകുപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ടെസ്ല, ഓപ്പണ്‍ എഐ തുടങ്ങിയ നൂറിലധികം കമ്പനികളുടെ പിന്തുണയുണ്ടായിരുന്നു.