News & Views

വെളിച്ചെണ്ണ രക്ഷിച്ചത് മലേഷ്യന്‍ പാമോയിലിനെ! ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന

ലോകത്ത് പാമോയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് മലേഷ്യ. ആഗോള വിപണിയുടെ 24 ശതമാനവും അവര്‍ക്ക് അവകാശപ്പെട്ടതാണ്

Dhanam News Desk

ഇന്ത്യന്‍ വിപണിയില്‍ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ 35 ശതമാനം വിഹിതം നേടാന്‍ മലേഷ്യന്‍ പാമോയിലിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയര്‍ത്തിയതോടെ പാമോയില്‍ ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞിരുന്നു.

വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നതോടെ കേരളത്തിലെ അടുക്കളകളില്‍ പാമോയില്‍ അടക്കമുള്ള ബദല്‍ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ കഴിഞ്ഞാല്‍ കേരളത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പാമോയില്‍ ആണ്.

മലേഷ്യന്‍ പാമോയില്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2.5 മില്യണ്‍ ടണ്‍ പാമോയില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചു. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദം വരെ ഈ ട്രെന്റ് തുടരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വെളിച്ചെണ്ണ വില ഉടനൊന്നും കാര്യമായി കുറയില്ലെന്നതാണ് പാമോയിലിന് ഗുണകരമാകുന്നത്.

പാമോയിലില്‍ മലേഷ്യന്‍ ആധിപത്യം

ലോകത്ത് പാമോയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് മലേഷ്യ. ആഗോള വിപണിയുടെ 24 ശതമാനവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം മലേഷ്യയുടെ ഉത്പാദനം 19.34 മില്യണ്‍ ടണ്ണായിരുന്നു. ഇതില്‍ 2.5 മില്യണ്‍ ടണ്‍ ഇന്ത്യയിലേക്കാണ്. മറ്റ് ഭക്ഷ്യഎണ്ണകളുടെ വില ഉയരുമ്പോള്‍ പാമോയില്‍ ഡിമാന്‍ഡ് കൂടുന്നതാണ് പതിവ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഗുണം ചെയ്‌തെങ്കിലും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള എണ്ണകളുടെ വില പിന്നീട് ഉയര്‍ന്നു. ഇതോടെ ഇറക്കുമതി നിയന്ത്രണം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

വെളിച്ചെണ്ണ വില ഉയര്‍ന്നു തന്നെ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയര്‍ന്നു തന്നെയാണ്. ഒരു കിലോഗ്രാമിന് പലയിടത്തും പല വിലയാണെങ്കിലും 500ന് മുകളിലാണ് എല്ലായിടത്തും. ചിലയിടങ്ങളില്‍ വില 550 വരെയെത്തി. ഓണം അടുക്കുന്നതോടെ വില 600 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തേങ്ങ ഉത്പാദനത്തില്‍ വന്ന കുറവാണ് വെളിച്ചെണ്ണ വിലയിലും പ്രതിഫലിക്കുന്നത്. പൊതുവിപണിയില്‍ വില നിയന്ത്രിക്കേണ്ട സപ്ലൈകോയില്‍ പലയിടത്തും വെളിച്ചെണ്ണ സ്‌റ്റോക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT