യുഎസ് സ്റ്റാർട്ടപ്പ് കമ്പനി മെർക്കുറിയെ സ്വർണമായി മാറ്റിയെന്ന അവകാശവാദം ശാസ്ത്രീയമായി വലിയ നേട്ടമെങ്കിലും, സ്വർണ വിപണിയെ ഉടനടി ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കൃത്രിമ സ്വർണ നിർമ്മാണം വാണിജ്യപരമായി പ്രയോജനകരമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നും, റേഡിയോആക്ടീവ് സാന്നിധ്യം സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുമെന്നും സൂചന.
ഫ്യൂഷൻ പ്രതിപ്രവർത്തനത്തിൽ (fusion reaction) നിന്നുള്ള ന്യൂട്രോണുകൾ ഉപയോഗിച്ച് മെർക്കുറിയെ (രസം) സ്ഥിരതയുള്ള സ്വർണമാക്കി മാറ്റാമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള 'മാരത്തൺ ഫ്യൂഷൻ' എന്ന സ്റ്റാർട്ടപ്പ് കമ്പനി. 2025-ൽ യൂറോപ്യൻ ആണവ ഗവേഷണ കൗൺസിൽ (CERN) കുറിച്ച റെക്കോഡിനേക്കാൾ പത്തിരട്ടി വേഗത്തിലാണ് തങ്ങളുടെ പ്രക്രിയയിലൂടെ കൃത്രിമ സ്വർണം ഉത്പാദിപ്പിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.
ശാസ്ത്രീയമായി ഇത് വലിയൊരു കുതിച്ചുചാട്ടമാണെങ്കിലും, നിലവിൽ ഖനനം ചെയ്തെടുക്കുന്ന സ്വർണത്തിന്റെ വിപണി മൂല്യത്തെ തകർക്കാൻ ഈ കൃത്രിമ സ്വർണ നിർമാണത്തിന് സാധിക്കില്ലെന്നാണ് സാമ്പത്തിക ലോകത്തെ വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.
ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ ന്യൂക്ലിയർ ട്രാൻസ്മ്യൂട്ടേഷൻ (Nuclear Transmutation) പ്രക്രിയയിലൂടെയാണ് ഈ നേട്ടം. ഡ്യൂട്ടീരിയം-ട്രിഷ്യം ഫ്യൂഷനിൽ (deuterium-tritium fusion) നിന്നുള്ള ഉയർന്ന ഊർജ ന്യൂട്രോണുകളെ മെർക്കുറി-198 ലേക്ക് പതിപ്പിക്കുമ്പോൾ, അതിന് രണ്ട് ന്യൂട്രോണുകൾ നഷ്ടപ്പെട്ട് റേഡിയോആക്ടീവായ മെർക്കുറി-197 ആകുന്നു. തുടർന്ന് 64 മണിക്കൂറിനുള്ളിൽ ഇത് ക്ഷയിച്ച്, സ്ഥിരതയുള്ള ഗോൾഡ്-197 ആയി മാറും.
കഴിഞ്ഞ വർഷം പ്രമുഖ ആണവ ഏജൻസിയായ സേൺ സമാന പരീക്ഷണം നടത്തിയിരുന്നെങ്കിലും വർഷങ്ങൾ കൊണ്ട് വെറും 29 പിക്കോഗ്രാം (picograms) സ്വർണം മാത്രമാണ് ഉത്പാദിപ്പിച്ചത്. ഇതിന്റെ പത്തിരട്ടി നിരക്കിലാണ് തങ്ങളുടെ നേട്ടമെന്നാണ് യുഎസ് സ്റ്റാർട്ടപ്പായ മാരത്തൺ ഫ്യൂഷന്റെ അവകാശവാദം. പരീക്ഷണത്തിന്റെ ഗാമാ-റേ സ്പെക്ട്രം കമ്പനി പങ്കുവെച്ചിട്ടുണ്ടെങ്കിലും, ഉത്പാദിപ്പിച്ച സ്വർണത്തിന്റെ കൃത്യമായ അളവോ ശുദ്ധിയോ വ്യക്തമാക്കിയിട്ടില്ല. കൂടാതെ സ്വതന്ത്രമായ ഒരു മൂന്നാം കക്ഷി (Third-party) ഈ അവകാശവാദം ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.
ഒരു ശാസ്ത്ര പരീക്ഷണം ലബോറട്ടറിയിൽ വിജയകരമാണെന്ന് കരുതി അത് വാണിജ്യപരമായി ലാഭകരമാകണമെന്ന് നിർബന്ധമില്ല. ഫ്യൂഷൻ ന്യൂട്രോൺ ഉത്പാദനത്തിന് വൻതോതിൽ ഊർജവും ഭീമമായ മൂലധന നിക്ഷേപവും ആവശ്യമാണ്. വൻകിട പ്ലാന്റുകളിൽ ഒരു ഗിഗാവാട്ട് താപശേഷിയിലൂടെ പ്രതിവർഷം രണ്ട് ടൺ സ്വർണം വരെ ഉത്പാദിപ്പിക്കാമെന്ന കമ്പനിയുടെ സിമുലേഷൻ കണക്കുകൾ വെറും സൈദ്ധാന്തികം മാത്രമാണ്. കൂടാതെ, ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന സ്വർണത്തിൽ റേഡിയോആക്ടീവ് ഐസോടോപ്പുകളുടെ സാന്നിധ്യം അവശേഷിക്കാൻ സാധ്യതയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവ വിപണിയിലെത്തിക്കാൻ വർഷങ്ങൾ നീണ്ട 'കൂളിങ്' കാലാവധി വേണ്ടിവരും.
എത്രമാത്രം സ്വർണം ഉത്പാദിപ്പിച്ചു, അതിന് എന്ത് ചെലവായി, സ്വതന്ത്ര ലാബുകൾക്ക് ഇത് ആവർത്തിക്കാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുന്നത് വരെ ഈ നേട്ടം ഒരു 'ശാസ്ത്ര കൗതുകം' മാത്രമായി അവശേഷിക്കും. ചുരുക്കത്തിൽ, ആഗോള സ്വർണ വിപണിയെയോ വിലയെയോ സ്വാധീനിക്കാൻ പോന്ന ഒരു വിതരണ പ്രവാഹം ഈ സാങ്കേതികവിദ്യയിലൂടെ ഉടനടി ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
US startup Marathon Fusion claims it can produce gold from mercury using fusion neutrons, but independent verification and commercial feasibility remain unestablished.
Read DhanamOnline in English
Subscribe to Dhanam Magazine