ഓഹരി വിപണിയുടെയും ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെയും നിക്ഷേപകരുടെയും ആവേശം സെന്‍സെക്‌സ് സൂചികയിലുണ്ട്. അടുത്ത കാലത്തൊന്നും കാണത്ത വിധം സൂചിക ഉയര്‍ന്നത് മൂന്നു ശതമാനത്തോളമാണ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ കുറെ മാസങ്ങളായി സൃഷ്ടിച്ച അനിശ്ചിതത്വത്തിനും നിരാശക്കും ഇടയില്‍ വന്ന പ്രഖ്യാപനം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുന്നു. എന്നാല്‍ ആത്മസംയമനം പാലിക്കേണ്ട സന്ദര്‍ഭമാണിതെന്ന് അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ പറഞ്ഞു തരുന്നു. ട്രംപ് കഴിഞ്ഞ രാത്രി നടത്തിയ വ്യാപാര പ്രഖ്യാപനത്തിലെ യഥാര്‍ഥ ഉള്ളടക്കം മുഴുവന്‍ പുറത്തു വന്നിട്ടില്ല.
റോയിറ്റേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ യുഎസില്‍ നിന്ന് പെട്രോളിയം, പ്രതിരോധ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം ഉപകരണങ്ങള്‍, വിമാനങ്ങള്‍ എന്നിവ വാങ്ങാന്‍ പ്രതിജ്ഞാബദ്ധം. ട്രംപാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ വിശദമായ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കൂടുതല്‍ ഉദാരമായെന്ന് യു.എസ് കാര്‍ഷിക സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പറഞ്ഞിട്ടുണ്ട്. ഈ വാദവും ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ അപൂര്‍ണമാണ്. തീരുവ നിരക്കുകള്‍, സുരക്ഷാ വ്യവസ്ഥകള്‍, സമയപരിധികള്‍, തര്‍ക്കപരിഹാര സംവിധാനങ്ങള്‍, പരസ്പര വിപണി പ്രവേശനം തുടങ്ങിയ നിര്‍ണായക കാര്യങ്ങളിലൊന്നും വ്യക്തതയില്ല. സേവനമേഖല, ഐടി, വിസ നയങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് എന്തെങ്കിലും വിട്ടുവീഴ്ചകള്‍ ലഭിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ല. ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള വിശദമായ വിശദീകരണം ഇല്ലാത്തത് ആശങ്ക കൂടുതല്‍ ശക്തമാക്കുകയാണ്.
ഈ കരാറിലെ ഏറ്റവും വിവാദ വിഷയമായി കാര്‍ഷിക മേഖല മാറാന്‍ സാധ്യതയുണ്ട്. യുഎസ് അവകാശപ്പെടുന്ന പോലെ കാര്‍ഷിക ഇറക്കുമതിയില്‍ ഇന്ത്യ ഇളവ് നല്‍കിയിട്ടുണ്ടെങ്കില്‍, അത് ഇന്ത്യന്‍ കര്‍ഷകര്‍ക്കും ആഭ്യന്തര വിലനിലവാരത്തിനും ഭക്ഷ്യസുരക്ഷയ്ക്കും നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയുടെ പരമ്പരാഗത കാര്‍ഷിക വ്യാപാര നയങ്ങളില്‍ നിന്ന് ഇത് വലിയ മാറ്റമായിരിക്കും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ ഈ വിഷയം ശക്തമായ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കാനാണ് സാധ്യത.
പ്രഖ്യാപനത്തിന്റെ സമയവും രീതിയും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണത്തിന് മുന്‍പേ ട്രംപ് കരാര്‍ പ്രഖ്യാപിച്ചത്, ഈ വ്യാപാര ഇടപാടിന്റെ ചുക്കാന്‍ ഇപ്പോഴും അമേരിക്കയുടെ കൈയിലാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നു. പാകിസ്ഥാനിലെ സൈനിക നേതൃത്വവുമായി യു.എസ് കൂടുതല്‍ അടുപ്പം പുലര്‍ത്തിയതും, ഇന്ത്യ-യുഎസ് തന്ത്രപ്രധാന ബന്ധങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതും അടുത്തിടെയാണ്. പ്രതിരോധവും ഊര്‍ജ്ജവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളായി യുഎസില്‍ നിന്ന് വലിയ തോതില്‍ വാങ്ങല്‍ നടത്തുന്നുണ്ടെങ്കിലും, പുതിയ പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ വ്യക്തമായി പ്രതിഫലിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍, യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും ഒപ്പുവച്ച വ്യാപാര കരാറുകളുടെ പൂര്‍ണരേഖകളും സഭയുടെ മേശപ്പുറത്ത് വച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കാര്‍ഷികം, പ്രതിരോധം, ദീര്‍ഘകാല ഇറക്കുമതി പ്രതിബദ്ധതകള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെട്ട കരാറുകള്‍ പാര്‍ലമെന്ററി പരിശോധനയ്ക്ക് വിധേയമാകേണ്ടതാണെന്ന നിലപാടും ശക്തമാകുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍, ഇന്ത്യ-യുഎസ് വ്യാപാര പ്രഖ്യാപനം പൂര്‍ണകരാറിനേക്കാള്‍ ഒരു രൂപരേഖയെന്ന നിലയിലാണ് കാണപ്പെടുന്നത്. ഇതിന്റെ യഥാര്‍ഥ വശങ്ങള്‍ കരാറിലെ സൂക്ഷ്മവിവരങ്ങള്‍ പുറത്തു വരുമ്പോഴാണ് വ്യക്തമാവുക. ഈ കരാര്‍ ഇന്ത്യയുടെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്ക് ഗുണകരമാണോ എന്നത് ഇത്തരം വിശദാംശങ്ങളാണ് തീരുമാനിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine