മാരുതി സുസുക്കി ജനപ്രിയ മോഡലുകളായ ബലേനോയുടേയും വാഗണ്‍ആറിന്റേയും 16,000 മോഡലുകള്‍ തിരിച്ചു വിളിക്കുന്നു.
2019 ജൂലൈ 30നും നവംബര്‍ ഒന്നിനുമിടയില്‍ നിര്‍മിച്ച ബലേനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആറിന്റെ 4,190 യൂണിറ്റുകളുമാണ് തിരിച്ചു വിളിക്കുക. ഇന്ധനപമ്പ് മോട്ടോര്‍ തകരാറാണ് കാരണം. ഇന്ധനമോട്ടോര്‍ പമ്പിലെ തകരാര്‍ മൂലം എന്‍ജിന്‍ നിന്നു പോകാനും സ്റ്റാര്‍ട്ടിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കമ്പനിയുടെ നീക്കം. മാരുതിയുടെ ഈ മോഡലുകള്‍ സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് അംഗീകൃത ഡീലര്‍മാര്‍വഴി നിശ്ചിത കാലയളവിനുള്ളില്‍ വാഹന ഭാഗങ്ങള്‍ സൗജന്യമായി മാറ്റി വാങ്ങാം.
ഈ സാമ്പത്തിക വര്‍ഷം ഇത് രണ്ടാം തവണയാണ് മാരുതി വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നത്. 2016 ഒക്ടോബര്‍ 27നും 2019 നവംബര്‍ ഒന്നിനുമിടയില്‍ നിര്‍മിച്ച ബലേനോ ആര്‍.എസിന്റെ (പെട്രോള്‍) 7,213 യൂണിറ്റുകള്‍ വാക്വം പമ്പിലെ തകരാറുകള്‍ മൂലം കഴിഞ്ഞ ഏപ്രിലില്‍ തിരിച്ചു വിളിച്ചിരുന്നു. ബ്രേക്ക് സംവിധാനത്തെ ബാധിച്ചേക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
ഓഹരിയിൽ മുന്നേറ്റം
ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചതിനു ശേഷമാണ് തിരിച്ചു വിളിക്കല്‍ വാര്‍ത്തകളെത്തിയത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള നികുതിയില്‍ കുറവുണ്ടാകുമെന്ന പ്രഖ്യാപനം മാരുതിക്ക് ഗുണകരമാകുമെന്ന നിരമനത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി മാരുതി 'ഓവര്‍വെയിറ്റ്' സ്റ്റാറ്റസ് നല്‍കിയതും കമ്പനിയുടെ ഓഹരി വില ഉയര്‍ത്തി. സി.എന്‍.ജി വിഭാഗത്തില്‍ 72 ശതമാനം വിപണി വിഹിതം മാരുതി നിലനിറുത്തുമെന്നാണ് ബ്രാക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine