Marutisuzuki .com
News & Views

എടുത്താൽ പൊങ്ങുന്നില്ല, കാർ! 1,000 പേർക്കിടയിൽ കാറുള്ളത് 34 പേർക്ക്; ഇന്ത്യയിൽ കാർ വിറ്റിട്ടല്ല, കയറ്റുമതി കൊണ്ടാണ് പിടിച്ചു നിൽക്കുന്നതെന്നും മാരുതി ചെയർമാൻ

എസ്.യു.വികളോട് പ്രിയം കൂടിയതല്ല, 88 ശതമാനത്തിനും കാറെടുക്കാനുള്ള ശേഷിയില്ലെന്നും മാരുതി ചെയര്‍മാന്‍

Dhanam News Desk

രാജ്യത്ത് കാര്‍ വാങ്ങാനുള്ള ശേഷി പ്രതിവര്‍ഷം 12 ലക്ഷം രൂപ വരുമാനമുള്ള 12 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ. ബാക്കിയുള്ള 88 ശതമാനത്തിന് ചെറിയ കാറുകള്‍ പോലും വാങ്ങാനുള്ള ശേഷിയില്ല. 10 ലക്ഷം രൂപ വിലയുള്ള കാറുകള്‍ പോലും വാങ്ങാനുള്ള ശേഷിയില്ലാത്ത 88 ശതമാനം ജനതയുള്ളപ്പോള്‍ എങ്ങനെയാണ് കാര്‍വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടാകുന്നത്. ഉയര്‍ന്ന നികുതി ഈടാക്കുന്നത് മൂലം വിലകുറഞ്ഞ കാറുകള്‍ പോലും ഇവര്‍ക്ക് താങ്ങാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ മാരുതി, പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലാഭം കുറഞ്ഞു

കമ്പനിയുടെ മൊത്ത ലാഭത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിനേക്കാള്‍ 4.3 ശതമാനം കുറവുണ്ടായി. 2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 3,711 കോടിരൂപ മാത്രമാണ് കമ്പനിക്ക് ലാഭമുണ്ടാക്കാനായത്. ചെറിയ കാറുകളുടെ വില്‍പ്പന കുറഞ്ഞതും ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് കുറഞ്ഞതുമാണ് പ്രധാന കാരണം. സെഡാനും ഹാച്ച്ബാക്കും അടങ്ങുന്ന ചെറിയ കാറുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9 ശതമാനം കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 19.01 ലക്ഷം കാറുകളാണ് കമ്പനിക്ക് വിപണിയിലെത്തിക്കാനായത്. മുന്‍വര്‍ഷത്തേക്കാള്‍ 2.7 ശതമാനം കൂടുതല്‍.

ആ വാദം തെറ്റ്!

എസ്.യു.വികളോടുള്ള പ്രിയം കൊണ്ടാണ് ആളുകള്‍ ചെറിയ കാറുകള്‍ ഉപേക്ഷിച്ചതെന്ന വാദം തെറ്റാണെന്നും ഭാര്‍ഗവ പറയുന്നു. ആളുകള്‍ ചെറിയ കാറുകള്‍ ഉപേക്ഷിച്ചതല്ല, അത് വാങ്ങാനുള്ള സാമ്പത്തിക ശേഷി അവര്‍ക്ക് ഇല്ലാത്തതാണ് കാരണം. ഇന്ത്യയിലെ ഓരോ ആയിരം പേരിലും 34 പേര്‍ക്ക് മാത്രമാണ് കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ ഇന്ത്യയിലായിരിക്കും ഇതേറ്റവും കുറവ്. രാജ്യത്തെ കുടുംബങ്ങളുടെ വരുമാനം പരിശോധിച്ചാല്‍ മൂന്നില്‍ രണ്ട് കുടുംബങ്ങളുടെയും പ്രതിവര്‍ഷ ശരാശരി വരുമാനം 5,00,000 രൂപയായിരിക്കും. വെറും 12 ശതമാനം കുടുംബങ്ങള്‍ക്കാണ് 12 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളത്. ഇവര്‍ക്ക് മാത്രമേ 10 ലക്ഷം രൂപക്ക് മുകളിലുള്ള കാറുകള്‍ വാങ്ങാന്‍ ശേഷിയുള്ളൂ. കാര്‍ വില്‍പ്പനയിലെ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് ആശാവഹമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പിടിവള്ളി വിദേശവിപണി

ഇന്ത്യന്‍ വിപണിയില്‍ കാര്‍ വിറ്റത് കൊണ്ട് മാത്രം വാഹന കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും മാരാതി ചെയര്‍മാന്‍ പറഞ്ഞു. വിദേശത്തേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടത് കൊണ്ടാണ് മാരുതിക്ക് നേട്ടമുണ്ടാക്കാനായത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വാഹന കയറ്റുമതി 20 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് കമ്പനിയുടെ പദ്ധതി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ പ്രാദേശിക വാഹന വിപണിയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ല. ചെറിയ കാറുകളുടെ വില കുറയാതെ വാഹന വിപണി കരകയറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT