image credit : canva 
News & Views

ഇനി കല്യാണത്തിന് മാത്രമായും ലോണ്‍; വിവാഹ ആപ്പുമായി സഹകരിക്കാന്‍ ടാറ്റ ഗ്രൂപ്പും

നവംബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെ നീളുന്ന ഇന്ത്യയിലെ പ്രധാന വിവാഹ സീസണ്‍ ആറു ലക്ഷം കോടി രൂപയുടേതാണെന്നാണ് കണക്കുകൂട്ടല്‍

Dhanam News Desk

വിവാഹ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പുതിയ ആപ്പുമായി മാട്രിമോണിഡോട്ട്‌കോം രംഗത്ത്. വെഡ്ഡിംഗ് ലോണ്‍ എന്ന വെബ്‌സൈറ്റിലൂടെ വിവാഹ ആവശ്യത്തിനായി വായ്പ നേടാമെന്ന് മാട്രിമോണിഡോട്ട്‌കോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരുകവേല്‍ ജാനകിരാമന്‍ വ്യക്തമാക്കി. ടാറ്റ ക്യാപിറ്റല്‍സ്, ഐ.ഡി.എഫ്.സി, എല്‍ആന്‍ഡ്ടി ഫിനാന്‍സ്, ടി.വി.എസ് ക്രെഡിറ്റ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

50,000 രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയാകും ഇത്തരത്തില്‍ ലോണ്‍ ലഭിക്കുക. സിബില്‍ സ്‌കോര്‍ ഉള്‍പ്പെടെ എല്ലാവിധ രേഖകളും കൃത്യമായി ഉണ്ടെങ്കില്‍ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. കല്യാണത്തിന് ലോണ്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ വേറെയുണ്ടെങ്കിലും ഇക്കാര്യത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്‌ഫോമും നിലവിലില്ല. ഇന്ത്യയിലെ വിവാഹ മാര്‍ക്കറ്റ് ശതകോടികളുടേതാണ്. ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാട്രിമോണി ഗ്രൂപ്പിന്റെ വരവ്.

കല്യാണ സീസണ്‍ 6 ലക്ഷം കോടിയുടെ

നവംബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെ നീളുന്ന ഇന്ത്യയിലെ പ്രധാന വിവാഹ സീസണ്‍ ആറു ലക്ഷം കോടി രൂപയുടേതാണെന്നാണ് കണക്കുകൂട്ടല്‍. ഇത്തവണ ഇക്കാലയളവില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 35 ലക്ഷം വിവാഹങ്ങളിലൂടെ 4.25 ലക്ഷം കോടി രൂപ വിപണിയിലേക്ക് എത്തിയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ നടക്കാന്‍ പോകുന്ന വിവാഹങ്ങളില്‍ 30 ലക്ഷവും ഇടത്തരം ചടങ്ങുകളാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയാകും പരമാവധി ചെലവിടുക. പ്രീമിയം വിഭാഗത്തില്‍ ഏഴു ലക്ഷം വിവാഹങ്ങള്‍ 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്നതാകും. ഒരു ലക്ഷം വിവാഹങ്ങളുടെ ചെലവ് 50 ലക്ഷം രൂപ മുതല്‍ മുകളിലേക്കാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT