https://www.cdl.lk/
News & Views

ചൈനക്ക് അടുത്ത പണി, കൊളംബോ ഷിപ്പ്‌യാര്‍ഡ് ഇനി ഇന്ത്യക്കാര്‍ ഭരിക്കും! ₹452 കോടിക്ക് നിയന്ത്രണാധികാരം ഏറ്റെടുത്തത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പല്‍ നിര്‍മാതാക്കള്‍

ശ്രീലങ്കയിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് കൊളംബോ ഡോക്ക്‌യാര്‍ഡ് പി.എല്‍.സി

Dhanam News Desk

`ശ്രീലങ്കയിലെ കൊളംബോ ഡോക്ക്‌യാര്‍ഡ് പി.എല്‍.സി (CDPLC)യിലെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡ് (MDL). 52.96 മില്യന്‍ ഡോളറിനാണ് (ഏകദേശം 452 കോടി രൂപ) പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ ആദ്യ അന്താരാഷ്ട്ര ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്.

കൊളംബോ ഡോക്ക്‌യാര്‍ഡിലെ നിലവിലെ ഓഹരി ഉടമകളായ ഒനോമിച്ചി (Onomichi) ഡോക്ക്‌യാര്‍ഡ് കമ്പനി ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരികളാണ് മസഗോണ്‍ സ്വന്തമാക്കിയത്. ഇതോടെ കൊളംബോ ഡോക്ക്‌യാര്‍ഡ് മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സിന്റെ സഹസ്ഥാപനമായി മാറുമെന്നും ഓഹരി വിപണിയില്‍ നല്‍കിയ ഫയലിംഗില്‍ പറയുന്നു. 51 ശതമാനം ഓഹരി ഏറ്റെടുത്തതോടെ കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ നിയന്ത്രണാധികാരവും മസഗോണിന് സ്വന്തമാകും.

മസഗോണ്‍

15.12 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1,29,254 കോടി രൂപ) വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമാണ് മസഗോണ്‍. 9,660 കോടിയായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം. ഏറ്റെടുക്കലോടെ കപ്പല്‍ നിര്‍മാണത്തില്‍ പുതിയ സാധ്യതകള്‍ തേടാനും മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കുറക്കാനും കഴിയും. ലോകത്തിലെ തിരക്കേറിയ കപ്പല്‍പാതക്ക് സമീപമാണ് കൊളംബോ ഡോക്ക്‌യാര്‍ഡെന്നതും എടുത്തുപറയേണ്ടതാണ്. അഞ്ച് പതിറ്റാണ്ടായി കപ്പല്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊളംബോ ഡോക്ക്‌യാര്‍ഡ് പി.എല്‍.സി ശ്രീലങ്കയിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ്.

നഷ്ടത്തില്‍

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന കപ്പല്‍ നിര്‍മാണ ശാലയായ കൊളംബോ ഡോക്ക്‌യാര്‍ഡ് നിലവില്‍ നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ ചരിത്ര-സാങ്കേതിക ഘടകങ്ങള്‍ പരിഗണിച്ചാല്‍ വലിയ സാധ്യതയാണുള്ളത്. നവംബര്‍ 2024ലാണ് ജാപ്പനീസ് കമ്പനിയായ ഒനോമിച്ചി കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ ഓഹരികള്‍ വില്‍ക്കുന്നുവെന്ന് അറിയിച്ചത്. തുടര്‍ന്ന് തുറമുഖത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ നിക്ഷേപകരെ തേടി ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ മുന്നിലെത്തി. എന്നാല്‍ കമ്പനിയുടെ സാമ്പത്തിക നിലയിലും ഇപ്പോഴുള്ള ജീവനക്കാരുടെ കാര്യത്തിലും ചില ആശങ്കകളുണ്ടായതിനാല്‍ കാര്യങ്ങള്‍ നീണ്ടുപോയി. നിരവധി പരിശോധനകള്‍ക്ക് ശേഷം എം.ഡി.എല്ലിന് കൊളംബോ ഡോക്ക്‌യാര്‍ഡ് ഏറ്റെടുക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ 4-6 മാസമെടുത്താണ് പൂര്‍ത്തിയാക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു കപ്പല്‍ നിര്‍മാണ കമ്പനി വിദേശ കമ്പനിയില്‍ ഇത്രയധികം നിക്ഷേപം നടത്തുന്നത്.

ഇന്ത്യക്കെങ്ങനെ ഗുണമാകും?

ലോകത്തിലെ സുപ്രധാന സമുദ്രവാണിജ്യ ഇടനാഴിയായ ഇന്ത്യന്‍ ഓഷ്യന്‍ റീജിയണില്‍ (ഐ.ഒ.ആര്‍) മികച്ച അവസരമാണ് കൊളംബോ ഡോക്ക്‌യാര്‍ഡ് തുറന്നിടുന്നത്. മേഖലയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ആഗോള കപ്പല്‍ നിര്‍മാണ, മറൈന്‍ എഞ്ചിനീയറിംഗ് മേഖലയിലും സാന്നിധ്യമറിയിക്കാന്‍ മസഗോണ്‍ ഡോക്കിനാകും. ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസലുകള്‍, കേബിള്‍ ലേയിംഗ് ഷിപ്പുകള്‍, ടാങ്കറുകള്‍, പട്രോള്‍ ബോട്ടുകള്‍ എന്നിവ വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന ചുമതലയാണ് കൊളംബോക്കുള്ളത്. സ്വന്തമായി ഡിസൈന്‍, നിര്‍മാണം, ആധുനിക രീതിയിലുള്ള അറ്റകുറ്റപ്പണി എന്നിവ സാധ്യമാക്കുന്ന ശ്രീലങ്കയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കമ്പനിയും ഇതാണ്. പ്രതിവര്‍ഷം 200 കപ്പലുകള്‍ വരെ ഇവിടെ അറ്റകുറ്റപ്പണിക്കായി എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം 70 കോടിരൂപയുടെ സാമ്പത്തിക നഷ്ടം നേരിട്ട കൊളംബോ ഡോക്ക്‌യാര്‍ഡിനും ഇതോടെ പുതുജീവന്‍ ലഭിച്ചുവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT