ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ലോകത്തെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റമാണ് നടക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 9 കോടി തൊഴില്‍ അവസരങ്ങള്‍ എ.ഐ ഇല്ലാതാക്കുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക്. എന്നാല്‍ 17 കോടി പുതിയ തൊഴില്‍ അവസരങ്ങളും എ.ഐ സൃഷ്ടിക്കും. എന്നാല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചത് എന്തുപഠിച്ചവര്‍ക്കാണെന്ന് അറിയാമോ? വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വീബോക്‌സ് (Wheebox) എന്ന കമ്പനി പുറത്തിറക്കിയ ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട് 2025 ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഗ്ലോബല്‍ എംപ്ലോയബിലിറ്റി ടെസ്റ്റില്‍ പങ്കെടുത്ത ഏതാണ്ട് 6.5 ലക്ഷം ഉദ്യോഗാര്‍ത്ഥികളെയും 15 മേഖലകളിലുള്ള ആയിരത്തോളം കമ്പനികളെയും ഉള്‍പ്പെടുത്തിയാണ് വീബോക്‌സ് റിപ്പോര്‍ട്ട് തയ്യറാക്കിയത്.
മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) യോഗ്യതയുള്ളവര്‍ക്കാണ് രാജ്യത്ത് ജോലി ലഭിക്കാന്‍ ഏറ്റവും എളുപ്പം. എം.ബി.എ പഠിച്ച 78 ശതമാനം പേര്‍ക്കും ജോലിയുണ്ട്. 2019ല്‍ വെറും 36.44 ശതമാനമായിരുന്നു തൊഴില്‍ ലഭ്യത. രാജ്യത്തെ ബിസിനസ് വിദ്യാഭ്യാസത്തില്‍ വന്ന മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. ബിസിനസ്, മാനേജ്‌മെന്റ് മേഖലയിലെ ഡിമാന്‍ഡും ഇത് വ്യക്തമാക്കുന്നു.
തൊട്ടുപിന്നിലുള്ളത് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കാണ്. ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (ബി.ടെക്) പഠിച്ച 71.5 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ ഇത് 57.09 ശതമാനമായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെബര്‍ സുരക്ഷ, വെബ് ഡവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ നേടുന്ന പ്രാഗത്ഭ്യം ഇക്കൂട്ടര്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സാങ്കേതിക രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് അപ്‌സ്‌കില്ലിംഗ് ചെയ്യുന്നവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.
2025ല്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ വിദ്യാഭ്യാസ യോഗ്യത മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനാണ് (എം.സി.എ). ഈ യോഗ്യതയുള്ള 71 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. 2019ല്‍ 43.10 ശതമാനമായിരുന്നു എം.സി.എക്കാരുടെ തൊഴില്‍ ലഭിക്കാനുള്ള സാധ്യത. ഐ.ടി, സോഫ്റ്റ്‌വെയര്‍ മേഖലയില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ബി.ടെക് പഠിച്ചവരേക്കാള്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, സിസ്റ്റം ഡിസൈന്‍, പ്രോഗ്രാമിംഗ് തുടങ്ങിയ രംഗങ്ങളില്‍ എം.സി.എക്കാര്‍ക്ക് തിളങ്ങാന്‍ കഴിയും. ഇത്തരക്കാര്‍ക്ക് എ.ഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ പോലുള്ള സാങ്കേതിക വിദ്യ വളരെ എളുപ്പത്തില്‍ സ്വായത്തമാക്കാനും കഴിയും.
ശാസ്ത്ര വിഷയങ്ങളില്‍ ബിരുദം നേടിയവരാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്. ബി.എസ്.സി യോഗ്യതയുള്ള 58 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് അനലിറ്റിക്‌സ്, ഡാറ്റ സയന്‍സ്, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ കഴിയും. ബാച്ചിലര്‍ ആര്‍ട്‌സ് യോഗ്യതയുള്ളവരിലെ 54 ശതമാനം പേര്‍ക്കും കൊമേഴ്‌സ് ബിരുദമുള്ള 55 ശതമാനം പേര്‍ക്കും ഫാര്‍മസി ബിരുദമുള്ള 56 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കും. ഐ.ടി.ഐകളില്‍ പഠിച്ച 41 ശതമാനം പേര്‍ക്കും പോളിടെക്‌നിക്കുകളില്‍ പഠിച്ച 29 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine