News & Views

സ്‌റ്റേഷനുകളില്‍ ഇനി കെഎഫ്‌സിയും മക്‌ഡൊണള്‍ഡ്‌സും; സുപ്രധാന നീക്കവുമായി റെയില്‍വേ

പ്രതിദിനം 2.3 കോടി യാത്രക്കാര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേസ് കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ പ്രതിദിനം 10 ലക്ഷത്തിലധികം ഭക്ഷണ പാക്കറ്റുകള്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി വില്ക്കുന്നുണ്ട്

Dhanam News Desk

കെഎഫ്‌സി, മക്‌ഡൊണള്‍ഡ്‌സ്, ബാസ്‌കിന്‍ റോബിന്‍സ്, പിസ ഹട്ട് തുടങ്ങി ജനപ്രിയ പ്രീമിയം ഫുഡ് ബ്രാന്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകളിലേക്കും എത്തുന്നു. ഇത്തരം ആഗോള ബ്രാന്‍ഡുകള്‍ക്കും റെയില്‍വേ സ്‌റ്റേഷനുകളില്‍ ഔട്ട്‌ലെറ്റ് തുറക്കാന്‍ അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.

റെയില്‍വേയുടെ കേറ്ററിംഗ് നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെയാണ് പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം സാധ്യമാകുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനായി അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിലൂടെ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്.

ബ്രാന്‍ഡുകള്‍ക്ക് സുവര്‍ണാവസരം

രാജ്യത്തെ ചെറുതും വലുതുമായ 1,200 സ്റ്റേഷനുകളാണ് മുഖംമാറ്റത്തിന് ഒരുങ്ങുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തന്ത്രപ്രധാന നീക്കം.

2017ലെ ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് പോളിസി അനുസരിച്ച് മൂന്ന് തരത്തിലുള്ള സ്റ്റാളുകളാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ അനുവദിച്ചിരുന്നത്. ബീവറേജസ്, സ്‌നാക്‌സ്, റീഫ്രഷ്‌മെന്റ് എന്നീ വിഭാഗങ്ങളിലായിരുന്നു അത്. പ്രീമിയം ബ്രാന്‍ഡ് കേറ്ററിംഗ് ഔട്ട്‌ലെറ്റ് എന്ന രീതിയില്‍ നാലാമത്തെ വിഭാഗമായിട്ടാകും കെഎഫ്‌സി ഉള്‍പ്പെടെയുള്ളവയുടെ വരവ്.

പ്രീമിയം ബ്രാന്‍ഡ് കേറ്ററിംഗ് ഔട്ട്‌ലെറ്റുകളുടെ കരാര്‍ നല്കുക അഞ്ചുവര്‍ഷത്തേക്കാണ്. വന്‍കിട ഫുഡ് ചെയിന്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ സാധ്യതകളാകും റെയില്‍വേയുടെ നീക്കം തുറന്നു നല്കുകയെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 2.3 കോടി യാത്രക്കാര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേസ് കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ പ്രതിദിനം 10 ലക്ഷത്തിലധികം ഭക്ഷണ പാക്കറ്റുകള്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി വില്ക്കുന്നുണ്ട്.

Indian Railways to introduce premium food chains like KFC and McDonald's at major railway stations under a revamped catering policy

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT