News & Views

വില ₹500 കടക്കും? സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷം, വരവ് നിലച്ചതോടെ കടകള്‍ അടയ്ക്കുന്നു; പ്രതിസന്ധി രൂക്ഷമാകും

നിലവില്‍ 400 മുതല്‍ 470 രൂപ വരെയാണ് പലയിടങ്ങളിലെയും വില. ഈ സ്ഥിതി തുടര്‍ന്നാല്‍ വില 500 രൂപയും കടന്നു പോകുമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

കേരളത്തിലേക്കുള്ള മാടുകളുടെ വരവ് നിലച്ചതോടെ ബീഫ് ക്ഷാമം രൂക്ഷം. അതിര്‍ത്തി കടന്നുള്ള കന്നുകാലി വരവ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തീര്‍ത്തും കുറഞ്ഞു. ഇതാണ് ക്ഷാമത്തിന് കാരണം. കന്നുകാലികളെ കൊണ്ടുപോകുന്നതിനായി നല്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാക്കിയിരുന്നു. ആന്ധ്രപ്രദേശാകട്ടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്കുന്നതുമില്ല. ഇതാണ് പെട്ടെന്ന് കന്നുകാലി വരവ് നിലച്ചത്.

കന്നുകാലികളുടെ വരവ് നിലച്ചതോടെ സംസ്ഥാനത്തെ ബീഫ് സ്റ്റാളുകള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പലയിടത്തും ഇറച്ചിക്കടകള്‍ വാരാന്ത്യങ്ങളില്‍ മാത്രമാക്കി പ്രവര്‍ത്തനം. മാടുകളെ കിട്ടാതായതോടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

നിലവില്‍ 400 മുതല്‍ 470 രൂപ വരെയാണ് പലയിടങ്ങളിലെയും വില. ഈ സ്ഥിതി തുടര്‍ന്നാല്‍ വില 500 രൂപയും കടന്നു പോകുമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച്ച മുതല്‍ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ഇടുക്കിയിലെ വ്യാപാരി തീരുമാനിച്ചു.

ഒന്നരലക്ഷത്തില്‍ നിന്ന് കാല്‍ലക്ഷത്തിലേക്ക്

സംസ്ഥാനത്തേക്ക് പ്രതിമാസം ഒന്നരലക്ഷം മാടുകളായിരുന്നു മുമ്പ് എത്തിയിരുന്നത്. ഇത് ഇപ്പോള്‍ വെറും കാല്‍ലക്ഷമായി കുറഞ്ഞു. മൊത്തം ആവശ്യകതയുടെ പകുതി പോലും ഇപ്പോഴത്തെ വരവുകൊണ്ട് തികയുന്നില്ല. കന്നുകാലി ചന്തകളെയും ബീഫ് സ്റ്റാളുകളെയും ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളെയും കാലികളുടെ വരവ് കുറഞ്ഞത് ബാധിച്ചിട്ടുണ്ട്.

ഗോസംരംക്ഷണത്തിന്റെ പേരില്‍ അയല്‍സംസ്ഥാനങ്ങളില്‍ കാലികളെ കൊണ്ടുവരുന്നത് തടയുന്നതായാണ് വ്യാപാരികളുടെ ആക്ഷേപം. ബീഫ് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നാണ് ആരോപണം. കന്നുകാലികളെ കൊണ്ടുപോകുന്നതിന് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‌കേണ്ടതില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതും പ്രതിസന്ധിക്ക് കാരണമായി.

ഹോട്ടലുകളും പ്രതിസന്ധിയിലേക്ക്

ബീഫ് ലഭ്യത കുറയുന്നത് സംസ്ഥാനത്തെ ഹോട്ടലുകളെ പ്രതിസന്ധിയിലാക്കും. ബീഫ് വിഭവങ്ങളാണ് പല ഹോട്ടലുകളിലെയും പ്രധാന മെനു. ബീഫ് കിട്ടാതാകുന്നത് കച്ചവടത്തെ ബാധിക്കുമെന്ന് ഹോട്ടലുടമകളും പറയുന്നു. കോഴിയിറച്ചി, മീന്‍ എന്നിവയുടെ വില കുത്തനെ ഉയരാനും ബീഫിന്റെ ലഭ്യതക്കുറവ് വഴിയൊരുക്കും.

ബീഫ് കയറ്റുമതിയില്‍ ഇന്ത്യന്‍ കുതിപ്പ്

ലോകത്ത് ബീഫിന്റെ ആഭ്യന്തര ഉപയോഗത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അമേരിക്ക, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ബീഫ് കയറ്റുമതിയിലാകട്ടെ രണ്ടാംസ്ഥാനത്തും. കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം ബ്രസീല്‍ ആണ്.

അമ്പത് രാജ്യങ്ങളിലേക്കാണ് ഇന്ത്യ ബീഫ് കയറ്റി അയക്കുന്നത്. വിയറ്റ്നാം ആണ് ഏറ്റവും വലിയ വിപണി. മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ ബീഫിന് വലിയ ഡിമാന്റുണ്ട്. ബീഫ് കയറ്റുമതിയിലൂടെ പ്രതിവര്‍ഷം 34,177 കോടി രൂപയാണ് ഇന്ത്യ നേടുന്നത്.

Beef shortage intensifies in Kerala as cattle inflow drops sharply, raising concerns over supply disruptions, retail closures, and a possible price surge beyond ₹500 per kg

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT